Thodupuzha

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസ്:  മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെന്ന പരാതിയുമായി ബന്ധുക്കള്‍

തൊടുപുഴ : സ്‌കൂളിലേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. സംഭവത്തില്‍ എല്ലാ പ്രതികളേയും നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സംസ്ഥാന പോലീസ് മേധാവിയും ജില്ലാ കളക്ടറും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുട്ടിയുടെ പിതാവ് മരിച്ചു. ഏതാനും നാളുകള്‍ക്കുള്ളില്‍ മാതാവ് മകളെ ഉപേക്ഷിച്ച് പോയി. പിന്നീട് പിതാവിന്റെ 68 വയസുകാരനായ സഹോദരന്റേയും ഭാര്യയുടേയും സംരക്ഷണയിലായിരുന്നു കുട്ടി. ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് സംഭവം. വെള്ളിയാമറ്റം പഞ്ചായത്തിലെ പ്രമുഖ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ബസില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയില്ല. ഇതേ തുടര്‍ന്ന് അദ്ധ്യാപകര്‍ നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന് സമീപം അവശ നിലയില്‍ കുട്ടിയെ കണ്ടെത്തി. വിവരം തിരക്കിയപ്പോള്‍ നാലംഗ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി കുട്ടി പറഞ്ഞു. ഇതിനായി കാറില്‍ ഇവര്‍ സ്‌കൂളിലെത്തി എന്നും വ്യക്തമായി. ഇതോടെ അദ്ധ്യാപകര്‍ വിവരം രക്ഷിതാക്കളെയും തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിയേയും അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തുകയും വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച വിവരം പുറത്തറിയിച്ചാല്‍ കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും രക്ഷിതാക്കളെ വെട്ടിക്കലൊപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. കോടതി നിര്‍ദേശ പ്രകാരം കുട്ടിയെ കുമാരമംഗലത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവം നടന്നത് കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളം സ്വദേശികളായ രണ്ട് യുവാക്കള്‍ അറസ്റ്റിലായി. ഇവരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ഈ സംഭവത്തില്‍ മുഴുവന്‍ പ്രതിളേയും പിടികൂടിയില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുട്ടി താമസിക്കുന്ന വീടിന് സമീപമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മറ്റ് രണ്ട് പേരും കൂടി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിന് പിന്നിലുണ്ടെന്ന് കുട്ടിയും രക്ഷിതാക്കളും പറഞ്ഞെങ്കിലും പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിനിടെ രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്ന ഒരാളുടെ രാഷ്ട്രീയ നേതാവായ പിതാവ് വീട്ടിലെത്തി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും രക്ഷിതാക്കള്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!