Thodupuzha

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് – 13-07-2021

സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് 14539 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ 1,39,049 പരിശോധനകൾ നടത്തി. 124 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞത് . ഇപ്പോൾ 1,15,174 പേരാണ് ചികിത്സയിലുള്ളത്.

 

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ വലിയ മാറ്റം വന്നിട്ടില്ല. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടി പി ആർ 10.5 ആണ്. തൃശ്ശൂർ മുതലുള്ള വടക്കൻ ജില്ലകളിലാണ് ടി പി ആർ കൂടുതൽ ഉള്ളത്. വ്യാപനം കൂടുതലുള്ള ജില്ലകളിൽ ഇതിനനുസരിച്ച് ഗൗരവമായ പരിശോധന നടത്തണം. നിയന്ത്രണങ്ങളിലുള്ള അയവാണോ ഇതിനു കാരണമെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണം.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ നടപ്പാക്കി വരുന്ന എ, ബി, സി, ഡി എന്നീ വിഭാഗീകരണത്തിൽ അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. അഞ്ചിൽ താഴെ ടി പി ആർ ഉള്ള 75 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അഞ്ചു മുതൽ പത്ത് വരെയുള്ള 391 എണ്ണവും പത്ത് മുതൽ 15 വരെയുള്ള 364 എണ്ണവും 15 ശതമാനത്തിൽ കൂടുതൽ ടി.പി. ആർ ഉള്ള 204 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമാണ് ഇപ്പോഴുള്ളത്.

 

കാറ്റഗറി എ, ബി, സി വിഭാഗങ്ങളിൽ പ്രവർത്തനാനുമതിയുള്ള കടകളും സ്‌ഥാപനങ്ങളും രാത്രി 8 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഇലക്ട്രോണിക്സ് കടകൾ കൂടുതൽ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കും. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട പ്രദേശങ്ങളിൽ മൈക്രോ കണ്ടെയ്ന്മെൻ്റ് സോൺ പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകി.

 

ടി പി ആർ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മെഗാ ടെസ്റ്റിംഗ് ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിലായി രണ്ടരലക്ഷം പരിശോധനകൾ കൂടുതലായി നടത്തും. വാർഡ് തല സമിതിക്കൊപ്പം വാർഡ് തല റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനവും ശക്തിപ്പെടുത്തും. സമ്പർക്കാന്വേഷണവും ടെസ്റ്റിംഗും ഉൾപ്പെടെ ജില്ലാതലത്തിൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.

രണ്ടാം ഡോസ് വാക്സിനേഷൻ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. കൃത്യസമയത്ത് രണ്ടാമത്തെ ഡോസ് നൽകാൻ ശ്രദ്ധിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങൾക്കനുസൃതമായി ആദ്യ ഡോസ് വാക്സിൻ ആളുകളിൽ എത്തിക്കാൻ ദ്രുതഗതിയിലുള്ള നടപടികളും കൈക്കൊള്ളും. സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും സ്വകാര്യ ആശുപത്രികൾ മുഖേന വാക്സിൻ സൗജന്യമായി നൽകാൻ മുന്നോട്ടു വരുന്നുണ്ട്. ഇക്കാര്യം നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കും.

കോഴിക്കോട് കടകൾ തുറക്കണമെന്നാശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന സമരത്തിൻ്റെ ഉദ്ദേശ്യം മനസ്സിലാക്കാൻ സാധിക്കും. പക്ഷേ, ആ ആവശ്യങ്ങൾ ഇപ്പോൾ അംഗീകരിക്കാൻ സാധിക്കുന്ന സ്ഥിതിവിശേഷം നമ്മൾ ഇനിയും കൈവരിച്ചിട്ടില്ല. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങൾക്കിടയാക്കിയത്. കോവിഡ് രോഗബാധ പടർന്നു പിടിച്ച് ആളുകളുടെ ജീവൻ അപകടത്തിലാവുന്ന അവസ്ഥ തടയാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോർക്കണം. നാടിൻ്റെ രക്ഷയെ കരുതിയാണ് ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നത്. അത് ഉൾക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. പ്രസ്തുത വിഷയത്തിൽ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച ചെയ്യാനും കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.

കടകളിലും മറ്റും ശാരീരിക അകലം ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ ശക്തമായ നടപടി സ്വീകരിക്കണം. ആളുകളുടെ കൂട്ടം കൂടൽ ഗൗരവമായി കാണണം. രണ്ടുമൂന്ന് ആഴ്ച കഴിയുന്നതോടെ ഓണത്തിരക്ക് ആരംഭിക്കും. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണം. അതിനാവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിക്കും.

സിക്ക രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ കൊതുക് നിർമാർജന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

കൊതുക് നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ എടുക്കണം. ഇക്കാര്യത്തിൽ ബോധവൽക്കരണവും വീടുകളിൽ സ്വീകരിക്കേണ്ട നടപടികളെ പറ്റി അറിവ് നൽകലും അതിനുള്ള പ്രചരണവും ശക്തമായി തുടരണം. ഡെങ്കിപ്പനി ഉൾപ്പെടെ വരുന്നതിനാൽ കൂടുതൽ കരുതലോടെ നമുക്ക് നീങ്ങാനാകണം.

 

കാലവർഷം

കേരളത്തിൽ കാലവർഷം ശക്തമാവുകയാണ്. അടുത്ത 5 ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ സംഭവിക്കാനിടയുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ ആവശ്യമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജൂലൈ 17 വരെ മൽസ്യബന്ധനത്തിനായി കടലിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ഉയർന്ന തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ നിവാസികളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ജാഗ്രത തുടരേണ്ടതാണ്.

Related Articles

Back to top button
error: Content is protected !!