Thodupuzha

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവത്കരണ ദിനം; ജില്ലാതല സന്ദേശയാത്രക്ക് തൊടുപുഴയില്‍ തുടക്കമായി

തൊടുപുഴ :       ലോകാരോഗ്യ സംഘടന ജൂണ്‍ 15, മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവത്കരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാതല സന്ദേശയാത്രക്ക് തൊടുപുഴയില്‍ തുടക്കമായി. തൊടുപുഴയില്‍ നിന്നാരംഭിച്ച സന്ദേശ യാത്ര മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഫ്‌ളാഗ് ഓഫ് ചെയ്തു. തൊടുപുഴയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബിനോയി വി.ജെ അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സന്ദേശയാത്ര സംഘടിപ്പിച്ചത്. സന്ദേശയാത്രയുടെ ഭാഗമായി ശാന്തിഗിരി കോളേജ് സാമൂഹ്യ പ്രവര്‍ത്തക വിഭാഗം വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ്, ബോധവത്കരണ സന്ദേശ ലഘുചലച്ചിത്രം സൗണ്ട് ഓഫ് ഏജ് എന്നിവ പ്രദര്‍ശിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സന്ദേശയാത്ര മൂന്നാറില്‍ സമാപിക്കും.

വാര്‍ദ്ധക്യം ഇന്നത്തെ സമൂഹം നേരിടുന്ന വെല്ലുവിളിയാണ്. പുതുതലമുറയെ വളര്‍ത്തിയ മുതിര്‍ന്ന തലമുറ ഇന്ന് ഏറെ സങ്കീര്‍ണ്ണമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മുതിര്‍ന്നവരോടുള്ള അവഗണനയും അതിക്രമങ്ങളും അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോഴത്തേത്. ഈ പശ്ചാത്തലത്തിലാണ് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവത്കരണ ദിനാചരണം സംഘടിപ്പിക്കുന്നത്.

 

പരിപാടിയില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ഷോബി, നിതീഷ് തങ്കപ്പന്‍, ശാന്തിഗിരി കോളേജ് അധ്യാപകന്‍ അരുണ്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.

 

ജൂണ്‍ 15 നു രാജകുമാരിയില്‍ നിന്നും ആരംഭിക്കുന്ന സന്ദേശ യാത്ര നെടുങ്കണ്ടം, കുമളി, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ചെറുതോണിയില്‍ അവസാനിക്കും. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ ടൗണില്‍ 15 ന് വൈകിട്ട് 5 മണിക്ക് സന്ദേശയാത്രയെ സ്വീകരിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് സമാപന സന്ദേശം നല്‍കും. സന്ദേശ യാത്ര എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ വീഡിയോ പ്രദര്‍ശനം, തെരുവ് നാടകം, സെമിനാറുകള്‍ എന്നിങ്ങനെ വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പൊതുസമൂഹത്തെയും പ്രത്യേകിച്ച് യുവതലമുറയെ വയോജന സംരക്ഷണത്തില്‍ ചുമതലാ ബോധം വളര്‍ത്തിയെടുക്കാനും, മുതിര്‍ന്ന പൗരന്മാര്‍ക്ക് മെച്ചപ്പെട്ട ജീവിതവും, സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പുവരുത്തുവാനുമാണ് സാമൂഹ്യ നീതി വകുപ്പ് ദിനാചരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

 

ഫോട്ടോ: മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവത്കരണ ദിനത്തിനു മുന്നോടിയായി സംഘടിപ്പിച്ച ജില്ലാതല സന്ദേശ യാത്രയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വഹിക്കുന്നു.

Related Articles

Back to top button
error: Content is protected !!