ChuttuvattomThodupuzha

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം : ആരോഗ്യ വകുപ്പ്

തൊടുപുഴ : മഴ ആരംഭിച്ചതോടെ വൈറല്‍ പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജ് അറിയിച്ചു. അയല്‍ ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ജലദോഷം, എച്ച്1.എന്‍1 ഇന്‍ഫ്ലുന്‍സ, കോവിഡ്-19 തുടങ്ങിയ വൈറസ് പരത്തുന്ന രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ അടിക്കടി കൈകള്‍ കഴുക, കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും വീടിനു പുറത്തുപോകുമ്പോള്‍ തുവാല കയ്യില്‍ കരുതുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. പൊതുസ്ഥലത്ത് തുപ്പുന്നത് പൂര്‍ണമായും ഒഴിവാക്കണം. പനിയോ ജലദോഷമോ ബാധിച്ചാല്‍ പൊതുസ്ഥലങ്ങളില്‍ പോകുന്നതും ഒഴിവാക്കണം. അത്യാവശ്യത്തിനു പുറത്തുപോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. വൈറസ് രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ലാത്തതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ വാങ്ങി ഉപയോഗിക്കുന്നത് കര്‍ശനമായും ഒഴിവാക്കണം. ഡോക്ടറുടെ കൃത്യമായ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍പ്പന നടത്താന്‍ പാടില്ല. ഗര്‍ഭിണികള്‍, രണ്ടുവയസിനു താഴെയുള്ള കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ ജലദോഷവും പനിയും ബാധിച്ചാല്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായും പൂര്‍ണമായും മരുന്ന് കഴിക്കണം. ഇവര്‍ക്ക് എച്ച്1.എന്‍1 ഇന്‍ഫ്ലുന്‍സ ബാധിച്ചാല്‍ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ അപകടകരമായേക്കും.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുകയും ചെയ്യണം. ഇത് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങള്‍ എന്നിവ പകരുന്നത് തടയും. മലിന ജലവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പ്രത്യേകിച്ച് ശുചീകരണത്തിലേര്‍പ്പെട്ടവര്‍, കര്‍ഷക തൊഴിലാളികള്‍, മീന്‍പിടിക്കുന്നവര്‍ തുടങ്ങിയവര്‍ പനി ബാധിച്ചാല്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്ട് എലിപ്പനിക്ക് ചികിത്സനേടണം. എലിപ്പനി വളരെ മാരകമാണെങ്കിലും നേരത്തെ ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാനാവും. എലിപ്പനിക്ക് പലപ്പോഴും മഞ്ഞപ്പിത്തത്തിന്റെ ലക്ഷങ്ങള്‍ കാണിക്കാമെന്നതിനാല്‍ മഞ്ഞപ്പിത്തമാണെന്നു കരുതി ഒറ്റമൂലികള്‍ പ്രയോഗിച്ച് കാത്തിരുന്നാല്‍ പെട്ടെന്ന് മരണത്തിലേക്ക് നയിക്കും. മഴ പെയ്തതോടെ വീടിനുചുറ്റും മഴവെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനും അതുവഴി ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവ പടരാനും സാധ്യതയുണ്ട്. ചെറുപാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, മരപ്പൊത്തുകള്‍ തുടങ്ങിയവയില്‍ നിന്നും കൂടാതെ ടാപ്പിംഗ് നടത്താത്ത റബര്‍ മരങ്ങളിലെ ചിരട്ടകള്‍ എന്നിവയില്‍ നിന്നും കെട്ടിനില്‍ക്കുന്ന മഴവെള്ളം അടിയന്തിരമായി നീക്കാന്‍ ചെയ്യാന്‍ ജനങ്ങള്‍ സഹകരിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തുമുള്ള കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!