ChuttuvattomThodupuzha

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ലോക്കേഷനില്‍ ജന്മദിനാഘോഷം

തൊടുപുഴ : പുറത്ത് കോരിച്ചൊരിയുന്ന മഴയത്തും ഒരു സിനിമാ യൂണിറ്റ് ഒത്തുചേര്‍ന്നത് മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേരുന്നതിനായിരുന്നു.തൊടുപുഴയില്‍ ചിത്രീകരണം നടന്നു വരുന്ന രജപുത്രാ വിഷ്വല്‍ മീഡിയായുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിച്ച്, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഒത്തുകൂടല്‍ ചടങ്ങ് നടന്നത്. ചൊവ്വാഴ്ച്ചയായിരുന്നു മോഹന്‍ലാലിന്റെ ജന്മദിനം.

ചെന്നൈയിലായിരുന്ന മോഹന്‍ലാല്‍ ലൊക്കേഷനില്‍ മടങ്ങിയെത്തിയപ്പോഴാണ് നിര്‍മ്മാതാവ് എം. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ജന്‍മദിനാഘോഷച്ചടങ്ങുകള്‍ നടത്തിയത്. തൊടുപുഴ മൂണ്‍ലൈറ്റ് ഹോട്ടലില്‍ നടന്ന ഒത്തുകൂടലില്‍ ചിത്രീകരണം അല്‍പ്പം നേരത്തേ നിര്‍ത്തിവച്ചാണ് യൂണിറ്റ് ഒന്നടങ്കം പ്രിയ നടന് ആശംസകള്‍ നേരാന്‍ എത്തിച്ചേര്‍ന്നത്.

രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. മോഹന്‍ലാലിന്റെ 360 മത് ചിത്രം എന്ന നിലയില്‍ 360 എന്ന കേക്ക് മുറിച്ച് മധുരം പകരുകയായിരുന്നു പിന്നീട് .തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹ്രുത്തുക്കളായ മണിയന്‍ പിള്ള രാജുവും ശോഭനയും,സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരും ഉള്‍പ്പടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കുകൊണ്ടു.തന്നോട് ആത്മാര്‍ത്ഥമായി പ്രകടിപ്പിച്ച സന്തോഷ നിമിഷങ്ങള്‍ക്ക് മോഹന്‍ലാല്‍ നന്ദി പറഞ്ഞു കൊണ്ടാണ് സന്തോഷത്തിന്റെ രാവിന് തിരശ്ശീല വീണത്.

 

Related Articles

Back to top button
error: Content is protected !!