ChuttuvattomThodupuzha

തൊടുപുഴ നഗരസഭയിലെ കൈക്കൂലിക്കേസ് ; ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംഘര്‍ഷം

തൊടുപുഴ : ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയറും ഇടനിലക്കാരനും അറസ്റ്റിലായ സംഭവതിതില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതി ചേര്‍ക്കപ്പെട്ട ചെയര്‍മാന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തിനിടയാക്കി. നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ ചെയര്‍മാന്റെ കോലം കത്തിച്ചു. ഇതിനിടെ ചെയര്‍മാന്റെ അഭാവത്തില്‍ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് പിരിച്ച് വിട്ടു.

പ്രതിഷേധം മുന്നില്‍ക്കണ്ട് രാവിലെ ഒമ്പതോടെ തന്നെ പോലീസ് നഗരസഭാ ഓഫീസിന് മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ചും വടം കെട്ടിയും സുരക്ഷയൊരുക്കിയിരുന്നു. ഒമ്പതരയോടെയെത്തിയ കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധം നടത്തിയത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡിന്റെ ഇരുഭാഗത്തുമായി നിലയുറപ്പിച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗവും മുദ്രാവാക്യം വിളിയുമായി നിലകൊണ്ടു. പത്ത് മണിയോടെയാണ് മിക്ക ജീവനക്കാരും എത്തിയത്. എന്നാല്‍ ഇവര്‍ക്ക് ഉള്ളില്‍ കടക്കാനായില്ല. ഒരു മണിക്കൂറിലേറെ സമയം റോഡില്‍ നിന്ന ശേഷമാണ് ജീവനക്കാര്‍ക്ക് അകത്ത് പ്രവേശിക്കാനായത്. പ്രതിഷേധം തുടരുന്നതിനിടെ പ്രതിപക്ഷ കൗണ്‍സിലര്‍ അഫ്സലുമായി പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായി. പ്രതിഷേധക്കാരെ അഫ്സല്‍ പരസ്യമായി അസഭ്യം വിളിക്കുകയും സമരക്കാരെ ആക്ഷേപിക്കുകയും ചെയ്തതോടെ യു.ഡി.എഫ് സംഘടനകളുടെ പ്രവര്‍ത്തകര്‍ ഒന്നടങ്കം അഫ്‌സലിനെതിരെ തിരിഞ്ഞു. എ.ഇയ്ക്കും ചെയര്‍മാനുമൊപ്പം അഫ്‌സലിനും കൈക്കൂലി ഇടപാടില്‍ പങ്കുണ്ടെന്ന് മുദ്രാവാക്യം വിളിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. പോലീസും മാധ്യമ പ്രവര്‍ത്തകരും നോക്കി നില്‍ക്കേയാണ് തര്‍ക്കം.

ഏതാനും സമയത്തിനുള്ളില്‍ യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കാളെത്തിയതോടെ പ്രതിഷേധം ശക്തമായി. നേതാക്കള്‍ സംസാരിച്ച് കഴിഞ്ഞതോടെ പ്രവര്‍ത്തകര്‍ നഗരസഭാ കോമ്പൗണ്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇത് പോലീസ് തടഞ്ഞു. എന്നാല്‍ ബാരിക്കേഡിന് ഇരുഭാഗത്ത് കൂടിയും ബലം പ്രയോഗിച്ച് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസുമായി ഏറെ നേരം ഉന്തും തള്ളും നടന്നു. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. തുടര്‍ന്ന് യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം നടത്തി. പോലീസ് ഏറെ പണിപ്പെട്ട് ഇത് തടയുകയായിരുന്നു. ഇതിനിടെ നഗരസഭാ ഓഫീസില്‍ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കൗണ്‍സിലര്‍മാര്‍ എത്തിയപ്പോള്‍ അവരെയും പോലീസ് തടഞ്ഞു. ഇത് വലിയ വാക്കേറ്റത്തിനിടയാക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന് ശേഷമാണ് കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭാ ഓഫീസിലേക്ക് പ്രവേശിക്കാനായത്.

11 ന് ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി അധ്യക്ഷയായി. യോഗം തുടങ്ങിയപ്പോള്‍ തന്നെ യുഡിഎഫ്, ബിജെപി അംഗങ്ങള്‍ ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളികളോടെ അധ്യക്ഷയുടെ ചേംബറിന് ചുറ്റും നിലയുറപ്പിച്ചു. എന്നാല്‍ ചെയര്‍മാന്‍ എവിടെയെന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അധ്യക്ഷ തയ്യാറായില്ല. അവരവരുടെ സീറ്റുകളില്‍ നിലയുറപ്പിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നിശബ്ദത പാലിച്ചതും ശ്രദ്ധേയമായി. തുടര്‍ച്ചയായ മുദ്രാവാക്യം വിളികള്‍ കാരണം അജണ്ട വായിക്കാനോ ചര്‍ച്ച ചെയ്യാനോ ആയില്ല. ഇതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ ചേര്‍ന്ന് ചേംബറിലെ ബെല്‍ മുഴക്കി. യോഗം അര മണിക്കൂര്‍ പിന്നിട്ടിട്ടും അജണ്ട പ്രകാരമുള്ള നടപടികളിലേക്ക് കടക്കാനാകാതെ വന്നതോടെ അധ്യക്ഷ യോഗം പിരിച്ച് വിട്ടു.

ഇതിന് ശേഷം പ്രതിപക്ഷ സംഘടനകള്‍ യുഡിഎഫിന്റെയും ബിജെപിയുടേയും നേതൃത്വത്തില്‍ പ്രകടനമായാണ് നഗരസഭാ കൗണ്‍സില്‍ ഹാളിന് പുറത്തേക്ക് വന്നത്. തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ചെയര്‍മാന്റെ കോലം കത്തിച്ചു. പോലീസ് സ്ഥാപിച്ച ബാരിക്കേഡില്‍ കെട്ടി തൂക്കിയ ശേഷം പടക്കം ഉപയോഗിച്ചും തുടര്‍ന്ന് റോഡിലിട്ടുമാണ് കോലം കത്തിച്ചത്. ഇതേ സമയം യുഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് നഗരത്തില്‍ പ്രകടനം നടത്തി. 12 ന് ശേഷമാണ് പ്രതിഷേധത്തിന് അയവ് വന്നത്. പ്രതിഷേധക്കാര്‍ പല പ്രാവശ്യം റോഡിലേക്ക് കയറിയതോടെ ഇടയ്ക്കിടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുകയും ചെയ്തു. ഒരു ഭാഗത്ത് നിന്നുമെത്തിയ വാഹനങ്ങള്‍ മാത്രമാണ് വഴി തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

 

Related Articles

Back to top button
error: Content is protected !!