ChuttuvattomThodupuzha

തൊടുപുഴ നഗരസഭയിലെ കൈക്കൂലി; ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരുന്നതില്‍ ആശയഭിന്നത

തൊടുപുഴ: ബി.ജെ.പിക്കാര്‍ ഒഴികെയുള്ള അഞ്ച് കൗണ്‍സിലര്‍മാരുടെ പിന്തുണ ലഭിച്ചാല്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജിനെ പുറത്താക്കാന്‍ അവിശ്വാസം കൊണ്ടുവരുമെന്ന് എല്‍.ഡി.എഫ് നേതൃത്വം. ചെയര്‍മാനെ പുറത്താക്കാന്‍ ആകെയുള്ള 33 ല്‍ 20 കൗണ്‍സിലര്‍മാരും ഒരുമിച്ച് ചേര്‍ന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചാല്‍ ഇടതുപക്ഷത്തിന്റെ 13 കൗണ്‍സിലര്‍മാരും പിന്താങ്ങുമെന്ന് എല്‍.ഡി.എഫ് തൊടുപുഴ മുനിസിപ്പല്‍ കണ്‍വീനറും സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയാ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസല്‍ പറഞ്ഞു. കൈക്കൂലിക്കേസില്‍ പ്രതിയായതോടെ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനുള്ള പിന്തുണ എല്‍.ഡി.എഫ് പിന്‍വലിച്ചതായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ തല്‍ക്കാലം അവിശ്വാസം കൊണ്ടുവരേണ്ടതില്ലെന്നായിരുന്നു ആദ്യ നിലപാട്. ഈ തീരുമാനത്തിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.  നഗരസഭാ കൗണ്‍സില്‍ വീണ്ടും വിളിക്കണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെടും. കൗണ്‍സില്‍ ചേരാതെയും യോഗത്തില്‍ പങ്കെടുക്കാതെയും ചെയര്‍മാന് എക്കാലവും മുങ്ങിനടക്കാനാകില്ല. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ചില എല്‍.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നത് അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് ഇടതുകൗണ്‍സിലര്‍മാരില്‍ ചിലര്‍ വിട്ടുനിന്നതെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ബുധനാഴ്ച വൈസ് ചെയര്‍പേഴ്സണ്‍ ജെസി ആന്റണി വിളിച്ചുചേര്‍ത്ത നഗരസഭാ കൗണ്‍സില്‍ യു.ഡി.എഫ് പ്രതിഷേധത്തെ തുടര്‍ന്ന് ചേരാനായിരുന്നില്ല.

Related Articles

Back to top button
error: Content is protected !!