ChuttuvattomThodupuzha

വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണം: ഡീന്‍ കുര്യാക്കോസ്

തൊടുപുഴ: വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് ഇടുക്കി പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ജില്ലയുടെ പലപ്രദേശങ്ങളിലും കുടിവെള്ളം പോലും കിട്ടാനില്ല. അതിരൂക്ഷമായ വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാരും ജലവിഭവ വകുപ്പും ഒരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. വരള്‍ച്ച രൂക്ഷമായിട്ട് രണ്ട് മാസം കഴിയുന്നു. ജില്ലയില്‍ കുടിവെള്ള വിതരണത്തിനുള്ള നടപടികള്‍ സ്വീകരിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ഇനിയമുണ്ട്. കൂടാതെ ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്ന പണവും അപര്യാപ്തമാണ്. കുടിവെള്ള വിതരണത്തിന് കൂടുതല്‍ പണം അനുവദിക്കുന്നതിനും ആവശ്യമായ എല്ലാ സ്ഥലങ്ങളിലും തദ്ദേശസ്ഥാപനങ്ങളെക്കൊണ്ട് കുടിവെള്ളമെത്തിക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

വരള്‍ച്ചയില്‍ ജില്ലയിലെ കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നു. ഏലം ഉള്‍പ്പടെയുള്ള കൃഷികള്‍ കരിഞ്ഞുണങ്ങി കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വരള്‍ച്ചമൂലം ജില്ലയില്‍ ഉണ്ടായ കൃഷിനാശത്തെകുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമതിയെ നിയോഗിക്കണം. കൃഷിനാശമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. ഇടുക്കിയെ ദുരന്തബാധിത ജില്ലയായി പ്രഖ്യാപിച്ച് ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുന്നതിനും ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളാനും നടപടി സ്വീകരിക്കണം തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും ഡീന്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!