ChuttuvattomThodupuzha

നെടിയശാലയില്‍ വീട് കുത്തിതുറന്ന് മോഷണം : മോഷ്ടാക്കളെ കണ്ടെത്താനാവാതെ പോലീസ്

തൊടുപുഴ : നെടിയശാലയില്‍ റിട്ട. കോളേജ് അധ്യാപകന്റെ വീടു കുത്തിതുറന്ന് 20 പവനോളം സ്വര്‍ണം കവര്‍ന്ന് നാല് ദിവസം കഴിയുമ്പോഴും ഇരുട്ടില്‍ തപ്പി പോലീസ്. അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് പോലീസ് പറയുമ്പോഴും മോഷ്ടാക്കളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി കവര്‍ച്ച നടന്ന വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും ഇതില്‍ നിന്ന് പ്രതികളെ സംബന്ധിച്ചുള്ള കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. നെടിയശാല പള്ളിയിലെയും സമീപത്തെ വീടുകളിലെയും ഉള്‍പ്പെടെയുള്ള സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചത്. മോഷണം നടന്ന വീട്ടില്‍ നിന്ന് കവര്‍ച്ചക്കാരുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളും ലഭിച്ചിട്ടില്ല. ഇതിന് പുറമെ നേരത്തെ നെടിയശാലയിലും സമീപ പ്രദേശങ്ങളിലും നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് പിടിയിലാവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് കരിങ്കുന്നം സിഐ കെ.ആര്‍. മോഹന്‍ദാസ് പറഞ്ഞു.

നെടിയശാല മൂലശേരില്‍ എം.ടി. ജോണിന്റെ വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണമാണ് ശനിയാഴ്ച വൈകിട്ട് മോഷ്ടാക്കള്‍ അപഹരിച്ചത്. നെടിയശാല സെന്റ് മേരീസ് പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. ഹാളിനോട് ചേര്‍ന്നുള്ള മുറിയിലെ ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് അപഹരിച്ചത്. കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയതെന്നും പോലീസ് പറയുന്നു. വീടിനെക്കുറിച്ച് അറിയാവുന്നവരുടെ സഹായം മോഷ്ടാക്കള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംശയത്തിലുള്ള ചിലരുടെ ഫോണ്‍ കോളുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

 

Related Articles

Back to top button
error: Content is protected !!