Thodupuzha

കാഡ്സ് മാമ്പഴ മേളയ്ക്ക് തുടക്കമായി

തൊടുപുഴ: കാഡ്സില്‍ ഈ വര്‍ഷത്തെ മാമ്പഴ മേളയ്ക്ക് തുടക്കമായി. പാലക്കാട് മുതലമടയില്‍ നിന്നുള്ള സിന്തൂരം, അല്‍ഫോന്‍സാ, മൂവാണ്ടന്‍, ബംഗനപ്പിള്ളി, അല്ലി, മല്‍ഗോവ എന്നീ ഇനങ്ങളാണ് ഇത്തവണ പ്രധാനമായും എത്തിച്ചിരിക്കുന്നത്. തൊടുപുഴയുടെ പരിസരങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാങ്ങക്ക് പുറമേയാണ് മുതലമടയിലെ മാവിന്‍ തോട്ടങ്ങളില്‍ നിന്ന് മാങ്ങയെത്തിക്കുന്നത്. ഇതിനായി രണ്ടും മൂന്നും ദിവസങ്ങള്‍ കൂടുമ്പോള്‍ തൊടുപുഴയില്‍ നിന്ന് കാഡ്സ് അധികൃതര്‍ മുതലമടയിലെത്തും. ഓരോ ട്രിപ്പിനും ഒരു ടണ്ണിനടുത്ത് മാങ്ങായാണ് വാങ്ങുന്നത്. ഇവ എറണാകുളം, വെങ്ങല്ലൂര്‍, തൊടുപുഴ എന്നിവിടങ്ങളിലെ കാഡ്സ് വില്‍പ്പന ശാലകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ഇത്തരത്തില്‍ എത്തിക്കുന്ന മാങ്ങകള്‍ നാല് ദിവസത്തിനുള്ളില്‍ വിറ്റഴിക്കപ്പെടും. കൃഷിക്കാര്‍ തന്നെ നേരിട്ട് മാങ്ങാ പറിച്ച് ഷെഡില്‍ വച്ച് പാക്ക് ചെയ്ത് വാഹനത്തില്‍ കയറ്റുകയാണ് പതിവ്. 20 കിലോ വീതം പെട്ടികളിലാക്കുന്ന മാങ്ങ വിഷമില്ലാതെയും പുകയടിപ്പിക്കാതെയും പഴുപ്പിച്ചാണ് വില്‍പ്പന സ്റ്റാളില്‍ വയ്ക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വന്‍ വിലവര്‍ധനവാണ് മാമ്പഴത്തിനുണ്ടായിരിക്കുന്നത്. സിന്തൂരം 120, അല്‍ഫോന്‍സാ 190, മൂവാണ്ടന്‍ 70, ബംഗനപ്പിള്ളി 120, അല്ലി 100, മല്‍ഗോവ 150 എന്നിങ്ങനെയാണ് ഒരു കിലോ മാങ്ങാക്ക് ഈടാക്കുന്നത്. വിലയല്‍പ്പം ഉയര്‍ന്ന നിലയിലാണെങ്കിലും മാമ്പഴത്തിന് ആവശ്യക്കാരേറെയാണ്. ഇതോടൊപ്പം സ്ഥിരം മാമ്പഴ ഉപഭോക്താക്കളുമുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇനത്തില്‍പ്പെട്ട മാമ്പഴമെത്തിക്കാനാണ് കാഡ്സ് അധികൃതരുടെ ശ്രമം.

Related Articles

Back to top button
error: Content is protected !!