ChuttuvattomThodupuzha

ബസ് സ്റ്റാന്‍ഡിലെ സംഘര്‍ഷം: പോലീസ് കാര്യക്ഷമമായി ഇടപെടണം: ചെയര്‍മാന്‍

തൊടുപുഴ: നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടാകുന്ന അക്രമസംഭവങ്ങളില്‍ പോലീസ് കാര്യക്ഷമമായി ഇടപെടണമെന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ആവശ്യപ്പെട്ടു. ബസ് സ്റ്റാന്‍ഡില്‍ സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് മുന്നിലാണ് പലപ്പോഴും ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷവും അസഭ്യവര്‍ഷവും ഉണ്ടാകുന്നത്. ഇതു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കൂടാതെ അനധികൃതമായി ഒരു സംഘം ബ്ലേഡ് പിരിവുകാരും ബസ് സ്റ്റാന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണ്. ബ്ലേഡ് പിരിവ് കൃത്യമായി കൊടുക്കാത്തതിന്റെ പേരില്‍ ഇക്കൂട്ടര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നുണ്ടെങ്കിലും പോലീസ് കാഴ്ചക്കാരായി മാറുകയാണെന്നും പരാതിയുണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ പോലീസ് തയാറാകണം.
സ്റ്റാന്‍ഡില്‍ സുരക്ഷയ്ക്കായി രണ്ട് പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്കായി പോലീസ് എയ്ഡ് പോസ്റ്റും സ്റ്റാന്‍ഡില്‍ സജ്ജമാക്കിയിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ സേവനം തേടണമെന്നും ചെയര്‍മാന്‍ അറിയിച്ചു. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടക്കുന്ന അക്രമ സംഭവങ്ങളും അനധികൃത പലിശ ഇടപാടും നിയന്ത്രിക്കാന്‍ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനകള്‍ തയാറാകണമെന്നും ഇക്കാര്യത്തില്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!