ChuttuvattomThodupuzha

കാലാവസ്ഥ വ്യതിയാനം ; ജില്ലയില്‍ വൈറല്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ധന

തൊടുപുഴ : കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ജില്ലയില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. വൈറല്‍പനിയെ തുടര്‍ന്ന് 3033 പേരാണ് കഴിഞ്ഞ ആഴ്ചകളില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയെത്തിയത്. ചുട്ടുപൊള്ളുന്ന പനി, ചുമ, വിറയല്‍, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, വയറുവേദന, ഛര്‍ദി, വയറിളക്കം എന്നിവയെല്ലാം ഇപ്പോള്‍ കണ്ടുവരുന്ന വൈറല്‍പനിയുടെ ലക്ഷണങ്ങളാണ്. മിക്ക ആശുപത്രികളിലും ഒ.പിയില്‍ വൈറല്‍പനി ബാധിതരാണ് കൂടുതല്‍ എത്തുന്നത്. പനി മാറിയാലും ആഴ്ചകളോളം വിട്ടുമാറാത്ത ചുമ പലരെയും അലട്ടുന്നുണ്ട്. കുട്ടികള്‍ക്കിടയിലും പനി വ്യാപകമായി കണ്ടു വരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയന്നു.

സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഏറെ പേര്‍ ചികിത്സ തേടിയെന്നാണു അനൗദ്യോഗിക കണക്ക്. സ്വകാര്യ ക്ലിനിക്കുകളില്‍ രാവിലെയും വൈകിട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളുടെ ക്ലിനിക്കുകളില്‍ കൂടുതല്‍ പേരും എത്തുന്നത് പനിയും ചുമയും ബാധിച്ചാണ്. മഴയും വെയിലും ഇടവിട്ടു വന്നതോടെയാണ് വൈറല്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  ശക്തമായ പേശീവേദനയും തലവേദനയും പനി ബാധിതര്‍ക്ക് ഉണ്ടാകുന്നുണ്ട്. പനി ബാധിച്ചാല്‍ ചികിത്സ തേടണമെന്നും സ്വയംചികിത്സ ഒഴിവാക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. മനോജ് അറിയിച്ചു. പനി വരുന്നവര്‍ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുക, ഒരാഴ്ച കഠിന ജോലികള്‍ ഒഴിവാക്കി വിശ്രമിക്കുക. ആവശ്യമെങ്കില്‍ ലാബ് പരിശോധനകള്‍ നടത്തണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു.

ലക്ഷണങ്ങള്‍

ചുട്ടുപൊള്ളുന്ന പനി, ചുമ, വിറയല്‍, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, വയറുവേദന, ഛര്‍ദി, വയറിളക്കം തുടങ്ങയവയാണ് ഇപ്പോള്‍ കണ്ടുവരുന്ന വൈറല്‍പനിയുടെ ലക്ഷണങ്ങള്‍.

‘മരുന്നിന്’ ഡോക്ടര്‍മാരുമില്ല

തൊടുപുഴ : പനിയടക്കമുള്ള രോഗങ്ങള്‍ വ്യാപകമാകുമ്പോഴും ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ഏകദേശം 35 ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കാതെയും ഒഴിഞ്ഞു കിടക്കുന്നവ നികത്താതെയും ദുര്‍ഘടമായ മലയോര പ്രദേശങ്ങളും ആദിവാസി ജനസമൂഹവുമുള്ള ജില്ലയില്‍ നിലവാരമുള്ള ചികിത്സ നല്‍കാന്‍ സാധിക്കുകയില്ല. ജില്ല-താലൂക്ക് ആശുപത്രികളില്‍ ഓരോ സ്‌പെഷാലിറ്റിയിലും ആവശ്യത്തിനു ഡോക്ടര്‍മാരില്ല. കഴിഞ്ഞ ദിവസം ജനറല്‍ ട്രാന്‍സ്ഫര്‍ ഇറങ്ങിയെങ്കിലും ഇടുക്കിയില്‍നിന്ന് പോകാനാണ് പലരും ആഗ്രഹിക്കുന്നത്. ഇടുക്കി ഓപ്ഷനായി വരാന്‍ ആഗ്രഹിക്കുന്നവര്‍ ഇല്ല. ഉള്ള ഡേക്ടര്‍മാര്‍കൂടി കുറയുന്ന സാഹചര്യമാണ് നിലവില്‍. പി.എസ്.സി ലിസ്റ്റില്‍നിന്ന് ആവശ്യത്തിന് ഡേക്ടര്‍മാരെ നിയമിക്കാത്തതും ആരോഗ്യ മേഖലയെ ക്ഷീണിപ്പിക്കുന്നുണ്ട്. തൊടുപുഴ ജില്ല ആശുപത്രിയില്‍ നാല് അത്യാഹിത ഡോക്ടര്‍മാരുടെ പോസ്റ്റ് മാത്രമേ നിലവിലുള്ളൂ. ജില്ല ആശുപത്രിയാക്കിയിട്ടു വര്‍ഷങ്ങളായെങ്കിലും ഓരോ വകുപ്പിലെയും ജീവനക്കാരുടെ എണ്ണം ആ രീതിയില്‍ ഉയര്‍ത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മൊത്തം ഡോക്ടര്‍മാരുടെ ഒഴിവുള്ളത് നാലെണ്ണം ആണ്. താല്‍ക്കാലികമായി ഡോക്ടര്‍മാരെ വച്ചാണ് പ്രവര്‍ത്തനം.

സ്വയംചികിത്സ പാടില്ല ; വിശ്രമം അനിവാര്യം

പലതരത്തിലുള്ള പനികള്‍ കണ്ടുവരുന്നതില്‍ സ്വയംചികിത്സ പാടില്ലന്നും പൂര്‍ണ വിശ്രമം അനിവാര്യമാണെന്നും ഡി.എം.ഒ കര്‍ശന നിര്‍ദേശം നല്‍കുന്നു. രോഗസാധ്യത കൂടിയ ഇടങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ പനി അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം. ഡോക്ടറോട് ജോലി ചെയ്ത ഇടത്തെക്കുറിച്ച് പറയുകയും അസുഖവിവരം അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്യണം. മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു.

ശ്രദ്ധിക്കണം എലിപ്പനിയെ

മഴക്കാലമായതോടെ ഏറെ ജാഗ്രത പാലിക്കേണ്ട ഒന്നാണ് എലിപ്പനി. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഇറങ്ങുകയോ കളിക്കുകയോ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യാന്‍ പാടില്ല.എലി, അണ്ണാന്‍, പൂച്ച, നായ്, മുയല്‍, കന്നുകാലികള്‍ തുടങ്ങിയവയുടെ വിസര്‍ജ്യം കലര്‍ന്ന ജലവുമായി സമ്പര്‍ക്കം ഉണ്ടാകുന്നതും രോഗാണു കലര്‍ന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും എലിപ്പനിക്ക് കാരണമാകും.പനി, തലവേദന, കാലുകളിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ- ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.

രോഗബാധയേല്‍ക്കാന്‍ സാധ്യത കൂടിയവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദേശ പ്രകാരം പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. പ്രതിരോധമരുന്ന് എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും സൗജന്യമായി ലഭിക്കും. രോഗസാധ്യത കൂടിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൈയുറയും കാലുറയും ധരിക്കുന്നത് അഭികാമ്യമാണ്. രോഗം ഗുരുതരമായാല്‍ മരണംവരെ സംഭവിക്കാം.

 

 

Related Articles

Back to top button
error: Content is protected !!