ChuttuvattomThodupuzha

ആയിരം പിന്നിട്ട് കൊക്കോ വില ; ഉല്‍പ്പന്നമില്ലാതെ കര്‍ഷകര്‍

തൊടുപുഴ : കിലോഗ്രാമിന് ആയിരത്തില്‍ തൊട്ട് ഹൈറേഞ്ചില്‍ കൊക്കോ വില. ഉണങ്ങിയ കൊക്കോ പരിപ്പിന് 1010 വരെ വില ഉയര്‍ന്നു. പക്ഷെ മികച്ച വില ലഭിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് വിപണിയിലെത്തിക്കാന്‍ കൊക്കോ വേണ്ട വിധം ഇല്ലാത്ത സ്ഥിതിയാണ്്. കുരുമുളകിന്റെ ഇരട്ടിയോളം വിലയാണ് ഉണക്ക കൊക്കോ പരിപ്പിന് ലഭിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി കൊക്കോയ്ക്ക് വിപണിയില്‍ ലഭിക്കുന്നത് മെച്ചപ്പെട്ട വിലയാണ്. ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ ഇപ്പോള്‍ കൊക്കോ വില സര്‍വകാല റെക്കോഡിട്ടു. ഉണങ്ങിയ കൊക്കോ പരിപ്പിന് 1010 വരെ വില ഉയര്‍ന്നു. വിപണിയില്‍ കൊക്കോയുടെ ലഭ്യത കുറഞ്ഞതും കൊക്കോയ്ക്ക് ചോക്ലേറ്റ് കമ്പനികളില്‍ നിന്നുള്ള ആവശ്യകത കൂടിയതുമാണ് പ്രധാനമായി ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം. വിലയില്‍ ഇനിയും വര്‍ധനവ് ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

എന്നാല്‍ ഉയര്‍ന്ന വില ലഭിക്കുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് വിപണിയിലെത്തിക്കാന്‍ വേണ്ടവിധം കൊക്കോ ഇല്ലാത്ത സ്ഥിതിയാണ്. മഴക്കാലത്താണ് കൊക്കയുടെ ഉത്പാദനം കൂടുതലായി ഉള്ളത്. തൂക്ക കൂടുതല്‍ ലഭിക്കുന്നതും മഴക്കാലത്താണ്. തുടര്‍ച്ചയായി ഉണ്ടായ വിലയിടിവും രോഗബാധയും ഉത്പാദനക്കുറവും കഴിഞ്ഞ നാളുകളില്‍ ഹൈറേഞ്ചില്‍ കൊക്കോ കൃഷിക്ക് തിരിച്ചടി സമ്മാനിച്ചിട്ടുണ്ട്. മുമ്പ് കൃത്യമായ ഇടവേളകളില്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം നല്‍കിയിരുന്ന കൃഷിയായിരുന്നു കൊക്കോയെങ്കില്‍ ഉത്പാദനക്കുറവ് മൂലം കാര്യങ്ങള്‍ പാടെ മാറിമറിഞ്ഞു. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ പല കര്‍ഷകരും കൊക്കോ മരങ്ങള്‍ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞു. ഉണക്ക കൊക്കോ പരിപ്പ് സംഭരിച്ച് വച്ചിരുന്ന കര്‍ഷകരൊക്കൊ ഉയര്‍ന്ന വില ലഭിച്ചതോടെ ഉത്പന്നം വിറ്റഴിച്ച് കഴിച്ചു. ഉയര്‍ന്ന വില ലഭിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ കൊക്കോ മരങ്ങളുടെ പരിപാലനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. കൊക്കോ വിലയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നു.

Related Articles

Back to top button
error: Content is protected !!