ChuttuvattomThodupuzha

നഗരസഭ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് നേരെ സിപിഎം നേതാക്കളുടെ അസഭ്യ വര്‍ഷവും കൈയേറ്റ ശ്രമവുമെന്ന് പരാതി

തൊടുപുഴ : നഗരസഭയിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് നേരെ സിപിഎം നേതാക്കളുടെ അസഭ്യ വര്‍ഷവും കൈയേറ്റ ശ്രമവുമെന്ന് പരാതി. സിപിഎം അംഗമായ വനിത കൗണ്‍സിലറും പാര്‍ട്ടി നേതാക്കളായ രണ്ട് മുന്‍ കൗണ്‍സിലര്‍മാരും ചേര്‍ന്ന് അതിക്രമം നടത്തിയതായാണ് പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നഗരസഭയിലെ എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാര്‍ പണി മുടക്കി. തുടര്‍ന്ന് നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ നടന്ന് വന്നിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. രാവിലെ കരാറുകാര്‍ തൊഴിലാളികളെയും എത്തിച്ച് ജോലികള്‍ക്കായി നിര്‍മാണ സാമഗ്രികളും ഇറക്കിയിരുന്നു. ഇതിന് ശേഷമാണ് എന്‍ജിനീയറിംഗ് വിഭാഗം പണി മുടക്കിയ വിവരം ഇവര്‍ അറിയുന്നത്. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കേണ്ടി വന്നത് കരാറുകാര്‍ക്ക് വലിയ നഷ്ടത്തിനിടയാക്കിയെന്ന് പരാതിയുണ്ട്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ സിപിഎം നേതാക്കളെത്തി ക്ഷമാപണം നടത്തിയതോടെ പ്രതിഷേധ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.

32 -ാം വാര്‍ഡില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ കുറച്ച് ഫണ്ട് മിച്ചം വന്നതായി എ.ഇ പറഞ്ഞു. ഈ ഫണ്ട് ഉപയോഗിച്ച് അതേ വാര്‍ഡില്‍ മറ്റ് ചില പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് വനിതാ കൗണ്‍സിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫണ്ട് മിച്ചം വന്നാലും മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉപയോഗിക്കണമെങ്കില്‍ നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് പാസാക്കി ഡിപിസിയുടെ അംഗീകാരം വേണമെന്ന് എ.ഇ പറഞ്ഞു. ഇത് അംഗീകരിക്കാന്‍ തയ്യാറാകാത്ത വനിതാ കൗണ്‍സിലര്‍ മുന്‍ സിപിഎം കൗണ്‍സിലര്‍മാരെയും രണ്ട് നേതാക്കളെയും വിളിച്ചു വരുത്തി. നേതാക്കളോട് ഫണ്ട് വിനിയോഗം സംബന്ധിച്ച നിയമ വശങ്ങള്‍ വിശദീകരിക്കുന്നതിനിടെ രണ്ട് മുന്‍ കൗണ്‍സിലര്‍മാര്‍ അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവും നടത്തുകയായിരുന്നുവെന്ന് എ.ഇ പറഞ്ഞു. പിന്നീട് സിപിഎം ഏരിയ നേതാക്കളാണ് അതിക്രമത്തിന് തുനിഞ്ഞവരെ വിളിച്ചു കൊണ്ടു പോയത്. ഈ സമയം നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരും ഓഫീസില്‍ ഉണ്ടായിരുന്നു. നഗരസഭ ഓഫീസില്‍ സിപിഎം നേതാക്കളുടെ വാക്കേറ്റവും ബഹളവും ഏറെ നേരം തുടര്‍ന്നെങ്കിലും പ്രതിപക്ഷത്തുള്ള കൗണ്‍സിലര്‍മാര്‍ ഇടപെടാനോ നിലപാട് വ്യക്തമാക്കാനോ തയ്യാറായില്ല. നിലവിലെ ഭരണ സമിതി അധികാരത്തില്‍ വന്നതിന് ശേഷം ചില മുന്‍ കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസില്‍ തമ്പടിക്കുന്നതായും മിക്ക കാര്യങ്ങളിലും ഇടപെടുന്നതായും നഗരവാസികള്‍ക്ക് ആക്ഷേപമുണ്ട്.

തനിക്കെതിരായ അതിക്രമത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും സംഭവം പോലീസിനെ അറിയിക്കണമെന്നും സൂചിപ്പിച്ച് അസിസ്റ്റന്റ് എന്‍ജിനീയര്‍ നഗരസഭ സെക്രട്ടറിക്ക് രേഖാ മൂലം പരാതി കൈമാറിയിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം സെക്രട്ടറിയാണ് കീഴ് ജീവനക്കാരില്‍ നിന്ന് ലഭിക്കുന്ന പരാതി പോലീസിനു കൈമാറേണ്ടത്. മൂന്ന് ദിവസത്തിനകം പരാതി പോലീസിനു കൈമാറണമെന്നാണ് നിയമം. ഇതിന് സെക്രട്ടറി തയ്യാറായില്ലെങ്കില്‍ താന്‍ നേരിട്ട് പോലീസില്‍ പരാതി നല്‍കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അജി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!