ChuttuvattomThodupuzha

തുടര്‍ച്ചയായി വന്യ ജീവി ആക്രമണം ; നോക്കുകുത്തിയായി വനം വകുപ്പ്

തൊടുപുഴ : ജില്ലയില്‍ വിവിധ മേഖലകളില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുമ്പോള്‍ നോക്കുകുത്തിയായി വനംവകുപ്പ്. മലയോര മേഖലയില്‍ വന്യജീവികള്‍ ആക്രമണം തുടരുമ്പോള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ് കര്‍ഷകര്‍ അടക്കമുള്ളവര്‍. ചിന്നക്കനാല്‍ മേഖലയില്‍ കാട്ടാനയാക്രമണം നിത്യ സംഭവമായിട്ടും പരിഹാരം കാണാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ 301 കോളനിയിലെ ജനവാസ മേഖലയിലെത്തിയ ചക്കക്കൊമ്പന്‍ വയല്‍പ്പറമ്പില്‍ ഐസക്കിന്റെ വീടാക്രമിച്ചിരുന്നു. പിന്നാലെ ദുഃഖവെള്ളിയാഴ്ച സിങ്കുകണ്ടത്തെത്തിയ ഒറ്റയാന്‍ മേഞ്ഞുകൊണ്ടിരുന്ന പശുവിനെയാണ് ആക്രമിച്ചത്. പശുവിനെ മേയ്ച്ചു കൊണ്ടിരുന്ന സരസമ്മ ഓടിരക്ഷപ്പെടുകയായിരുന്നു.

അരിക്കൊമ്പന് പിന്നാലെ ഒന്നിലധികം ഒറ്റയാന്‍മാര്‍

അരിക്കൊമ്പനെ നാടുകടത്തിയതിന് പിന്നാലെ ചക്കക്കൊമ്പന്‍ എന്ന ഒറ്റയാന്‍ ചിന്നക്കനാല്‍ മേഖലയില്‍ തുടര്‍ച്ചയായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇതുകൂടാതെ മുറിവാലന്‍ കൊമ്പനും മറ്റ് കാട്ടാനകളും പ്രദേശത്ത് ചുറ്റിത്തിരിയുന്നതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സിങ്കുകണ്ടം, 301 കോളനി, ആനയിറങ്കല്‍, ബിഎല്‍റാം, ശങ്കരപാണ്ഡ്യന്‍മെട്ട്, തലക്കുളം, കോരംപാറ തുടങ്ങിയ പ്രദേശങ്ങളാണ് കൂടുതലായും കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടുന്നത്. ഇവിടുത്തെ ജനവാസ മേഖലകള്‍ എല്ലാം ഏതാനും മാസങ്ങളായി കാട്ടാനകളുടെ വിഹാരകേന്ദ്രമായി മാറി. ചക്കക്കൊമ്പനാണ് കൂടുതലും ആക്രമണം നടത്തുന്നത്. വീടുകള്‍ തകര്‍ക്കുക, കൃഷി നശിപ്പിക്കുക, ജനങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുക തുടങ്ങിയവയാണ് ചക്കക്കൊമ്പന്റെ രീതി. വനത്തിനുള്ളില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാത്തതാണ് കൊമ്പന്മാര്‍ ജനവാസ മേഖലയിലെത്തുന്നതിന്റെ പ്രധാന കാരണമെന്നും പ്രദേശവാസികള്‍ പറയുന്നു. കാട്ടാനയാക്രമണം തുടര്‍ക്കഥയായിട്ടും പരിഹാരം കാണാന്‍ കഴിയാത്ത വനം വകുപ്പിന്റെയും ഭരണ നേതൃത്വത്തിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.

കുമളിക്ക് സമീപം സ്പ്രിംഗ് വാലിയില്‍ കാട്ടുപോത്താക്രമണത്തില്‍ യുവാവിന് പരുക്കേറ്റത് കഴിഞ്ഞ ദിവസമാണ്. പ്രദേശവാസിയായ മുല്ലമല രാജീവി(49) നെയാണ് കാട്ടുപോത്ത് കൊമ്പില്‍ കുത്തിയെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രാജീവ് പാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തെ തുടര്‍ന്ന് കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തുകയോ മയക്കുവെടി വച്ച് പിടികൂടുകയോ ചെയ്യാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വനംവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച് കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ വീടിന് ഏതാനും മീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. കുരിശുമല കയറ്റത്തിനായി പോയതായിരുന്നു രാജീവ്. പിന്നാലെ റിസോര്‍ട്ട് ജീവനക്കാരനായ സുഹൃത്ത് കണ്ണനെ രാജീവ് മൊബൈലില്‍ വിവരം അറിയിച്ചു. പിന്നാലെ കണ്ണന്‍ മറ്റൊരു സുഹൃത്തിനെ കൂട്ടി എത്തി അവശനായ രാജീവിനെ മറ്റുള്ളവരുടെ സഹായത്തോടെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് പാലായിലേക്ക് മാറ്റിയത്. രാത്രി തന്നെ മൂന്ന് അടിയന്തര സര്‍ജറികള്‍ക്ക് രാജീവിനെ വിയേയനാക്കി. കാട്ടുപോത്തിന്റെ കൊമ്പ് വയറ്റില്‍ തുളച്ചു കയറി എട്ട് വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കരളിനും ശ്വാസകോശത്തിനും മുറിവേറ്റിട്ടുണ്ട്.

രാപകല്‍ ഭേദമില്ലാതെ കാട്ടുപോത്തുകള്‍

സ്പ്രിംഗ് വാലി, വിശ്വനാഥപുരം പ്രദേശങ്ങളില്‍ പകല്‍ പോലും കാട്ടുപോത്ത് കൂട്ടങ്ങള്‍ കൃഷിയിടങ്ങളില്‍ അടക്കം കറങ്ങി നടക്കുന്നത് പതിവാണ്. വനാതിര്‍ത്തി പ്രദേശങ്ങളായ ഇവിടെ ട്രഞ്ചോ വൈദ്യുതി വേലിയോ ഇല്ല. 25 ഓളം കാട്ടുപോത്തുകള്‍ ഇവിടെ വിഹരിക്കുന്നുണ്ട്. ഇവയെ തുരത്താന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ രാജീവിന്റെ മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ ചികിത്സയ്ക്ക് കുടുംബത്തിന് വനം വകുപ്പ് ധന സഹായം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

 

 

Related Articles

Back to top button
error: Content is protected !!