ChuttuvattomThodupuzha

സര്‍ക്കാര്‍ നടപ്പിലാക്കിയ ഐഎച്ച്ആര്‍എംഎല്‍ പദ്ധതി നടത്തിപ്പിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നു : ഡിസിസി ജനറല്‍ സെക്രട്ടറി 

തൊടുപുഴ : ഒന്നാം പിണറായി സര്‍ക്കാര്‍ യുഎന്‍ഡിപി ധനസഹായത്തോടെ നടപ്പിലാക്കിയ ഇന്ത്യന്‍ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ് സ്‌കേപ് പ്രൊജക്ട് (ഐ.എച്ച്.ആര്‍.എം.എല്‍) പദ്ധതി നടത്തിപ്പിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നതെന്നും ഇത് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. 25,000 ഏക്കര്‍ കൃഷി ഭൂമി വനമാക്കി മാറ്റാനുള്ള രാജ്യാന്തര ഗൂഡാലോചനയുടെ ഭാഗമായിരുന്നു എച്ച്എര്‍എംഎല്‍ പദ്ധതിയെന്നായിരുന്നു സിപിഎം പറഞ്ഞിരുന്നത്. ഐഎച്ച്ആര്‍എംഎല്‍ പദ്ധതിയില്‍ നിന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 12 കോടിയിലേറെ രൂപ വിദേശ ധനസഹായം സ്വീകരിച്ചത്. ഹരിത കേരളം മിഷന്‍ വഴിയായിരുന്നു പദ്ധതി നിര്‍വഹണം.പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള (ഇക്കോ റീസ്റ്റോറേഷന്‍) പ്രൊജക്ടുകളാണ് വനംവകുപ്പ് നടപ്പാക്കിയത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന് കീഴില്‍ ഷോല നാഷണല്‍ പാര്‍ക്കിലെ പഴന്തോട്ടമാണ് ഇതിനായി തിരഞ്ഞെടുത്തത്. രണ്ട് കോടിയിലേറെ രൂപ ചെലവഴിക്കുകയും ചെയ്തു. വനത്തിനുള്ളിലെ കുടിവെള്ള സ്രോതസുകളുടെ നവീകരണവും മണ്ണ് ജല സംരക്ഷണത്തിനുള്ള പദ്ധതികളുമാണ് നടപ്പിലാക്കിയത്.

വന്യമൃഗശല്യം രൂക്ഷമായ മൂന്നാര്‍, ചിന്നക്കനാല്‍, നേര്യമംഗലം, അടിമാലി ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഈ ഫണ്ട് ചിലവഴിച്ചിരുന്നങ്കില്‍ വനത്തിനുള്ളിലെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനും വന്യമൃഗശല്യം കുറയ്ക്കാനും കഴിയുമായിരുന്നു. എന്നാലിവിടെ ഒരു പദ്ധതി പോലും വനംവകുപ്പ് നടപ്പിലാക്കിയിട്ടില്ല. സുസ്ഥിര ഉപജീവന മാര്‍ഗങ്ങള്‍, പരമ്പരാഗത കൃഷി രീതികളുടെയും വിത്തുകളുടെയും പുനരുജ്ജീവനം, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, ഉത്തരവാദിത്ത ടൂറിസം, കാര്യശേഷി വികസനം, പരിസ്ഥിതി പുനഃസ്ഥാപനം എന്നീ പ്രൊജ്രക്ടുകളാണ് പദ്ധതിയില്‍പ്പെടുത്തി വിവിധ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയത്. മൂന്നാര്‍, ചിന്നക്കനാല്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, അടിമാലി, മാങ്കുളം ഇടമലക്കുടി, കുട്ടംപുഴ, ആതിരപ്പള്ളി എന്നീ പഞ്ചായത്തുകളെയാണ് ഇതിനായി തിരഞ്ഞെടുത്തിരുന്നത്. പദ്ധതിയില്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണ ദൗര്‍ലഭ്യം കുറയ്ക്കാനുള്ള ഒരു പദ്ധതിയുമുണ്ടായില്ല. പാരമ്പരാഗത വിത്തിനങ്ങളുടേയും കൃഷി രീതികളുടെയും പുനരുജ്ജീവനത്തിന് 35 ലക്ഷം രൂപ ചിലവഴിച്ചുവെന്നാണ് കണക്ക്. എന്നാല്‍ ഏതൊക്കെ വിത്തിനങ്ങളാണ് വികസിപ്പിച്ചതെന്ന് പദ്ധതി നിര്‍വഹണം നടത്തിയ ഹരിത കേരള മിഷന് അറിയില്ലന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!