ChuttuvattomThodupuzha

തൊടുപുഴയുടെ വികസനം , എംഎല്‍എയുടെ നിസ്സംഗത അവസാനിപ്പിക്കണം : കേരള കോണ്‍ഗ്രസ് എം

തൊടുപുഴ : തൊടുപുഴയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട തൊടുപുഴ എംഎല്‍എ യുടെ നിസ്സംഗതയ്ക്ക് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ്എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. കഴിഞ്ഞ എട്ടു വര്‍ഷത്തിലേറെയായി എംഎല്‍എ തൊടുപുഴയുടെ ആവശ്യങ്ങള്‍ നിയമ സഭയില്‍ ഉന്നയിക്കുവാനോ തൊടുപുഴയിലെ പൊതുവായ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരെ കാണുവാനോ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ജനപ്രതിനിധി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുന്ന സമീപനമാണ് കാലങ്ങളായി അദ്ദേഹം സ്വീകരിച്ചു വരുന്നത്.

കേരളത്തിലെ മറ്റുള്ള നിയോജകമണ്ഡലങ്ങള്‍ അതിശയിപ്പിക്കുന്ന തരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തൊടുപുഴ എംഎല്‍എയുടെ സമീപനം തൊടുപുഴയെ പിന്നോട്ടടിക്കുകയാണ്. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി തൊടുപുഴയില്‍ കാര്യമായ ഒരു വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. സ്വന്തം മണ്ഡലത്തിലെ വികസന ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങിയെടുക്കുവാനും അതിനായി നിയമസഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയും അവ തിരസ്‌കരിക്കുകയാണെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യേണ്ടത് ജനപ്രതിനിധിയുടെ ചുമതലയാണ്.

ജനപ്രതിനിധിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുന്ന സമീപനം സ്വീകരിക്കുന്നത് പിജെ ജോസഫിനെ പോലെ ഒരാള്‍ക്ക് ഭൂഷണമല്ല. തൊടുപുഴയുടെ ഗതാഗത കുരുക്കിന് പരിഹാരമായി മോര്‍ ജംഗ്ഷന്‍, മുനിസിപ്പല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഫ്‌ളൈ ഓവര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, പുഴയോര വാക്ക് വെ, മിനി സിവില്‍ സ്റ്റേഷന്‍ അനക്‌സ് തുടങ്ങി വിവിധ പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി നില്‍ക്കുകയാണ്. മാരീ യില്‍ക്കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്നു കൊടുക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. ടൗണിലെ ഗതാഗതക്കുരു ഒഴിവാക്കാന്‍ വേണ്ടി പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച പദ്ധതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. എംഎല്‍എയുടെ വ്യക്തിപരമായ സൗകര്യം പറഞ്ഞ് പദ്ധതികള്‍ക്ക് കാലതാമസം വരുത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. മുന്‍ പ്രവര്‍ത്തനങ്ങളുടെ വീമ്പ് പറച്ചില്‍ മാത്രമാണ് സ്ഥിരം പല്ലവി. തൊടുപുഴയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ മുടങ്ങിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും എംഎല്‍എക്ക് ഒളിച്ചോടുവാന്‍ കഴിയില്ല.

പ്രതിപക്ഷ എംഎല്‍എമാരുള്ള ഇതര മണ്ഡലങ്ങള്‍പോലും വികസന പ്രവര്‍ത്തനങ്ങളില്‍ തൊടുപുഴയ്ക്ക് മുമ്പില്‍ ആണ്. വികസന പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം കൊടുക്കേണ്ട എംഎല്‍എ കഴിഞ്ഞ എട്ടു വര്‍ഷത്തെ തൊടുപുഴയുടെ പിന്നോക്കാവസ്ഥയ്ക്ക് പൊതുജനങ്ങളോട് മാപ്പ് പറഞ്ഞു വികസന പ്രവര്‍ത്തനങ്ങളില്‍ നടത്തിവരുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ. കെ ഐ ആന്റണി, ജയകൃഷ്ണന്‍ പുതിയടത്ത്, മാത്യു വാരികാട്ട്, അപ്പച്ചന്‍ ഓലിക്കരോട്ട്, അംബിക ഗോപാലകൃഷ്ണന്‍,റോയ്‌സണ്‍ കുഴിഞ്ഞാലില്‍, കുര്യാച്ചന്‍ പൊന്നാമറ്റം, റോയ് പുത്തന്‍കുളം ശ്രീജിത്ത് ഒളിയറക്കല്‍, ജോസ് കുന്നുംപുറം, തോമസ് വെളിയത്തുമാലി, ബെന്നി വാഴചാരി, മനോജ് മാമല, ജോര്‍ജ് പാലക്കാട്ട്, ജോസ് മഠത്തിനാല്‍,ലിപ്‌സണ്‍ കൊന്നക്കല്‍, തോമ്മാച്ചന്‍ മൈലാടൂര്‍, ജോസ് സണ്ണി കടുത്തലക്കുന്നേല്‍,സി ജെ ജോസ്,ജോസ് പാറപ്പുറം,ഡോണി കട്ടക്കയം,റോയ് വാലുമ്മേല്‍,ജരാര്‍ഡ് തടത്തില്‍, ജെഫിന്‍ കൊടുവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!