Local LiveMoolammattam

വിവരങ്ങള്‍ അറിയുവാന്‍ മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് വിളിക്കണ്ട ; കിട്ടില്ല

മൂലമറ്റം : അത്യാവശ്യ വിവരങ്ങള്‍ അറിയുവാന്‍ മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് വിളിച്ചാല്‍ ഫോണ്‍ തിരക്കിലാണെന്ന സന്ദേശമാണ് മറുപടിയായി ലഭിക്കുന്നത്. ദീര്‍ഘദൂര ബസുകളുടെ സമയവും ബസുകള്‍ക്ക് മുടക്കം ഉണ്ടോ എന്നുമറിയാനാണ് യാത്രക്കാര്‍ കൂടുതലും ഡിപ്പോയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഡിപ്പോയില്‍ നിന്ന് കൃത്യമായ മറുപടി ലഭിക്കാറില്ല. മൂലമറ്റം ഡിപ്പോയില്‍ നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ക്ക് ഇന്നലെ മുടക്കം ഉണ്ടോ എന്നറിയാന്‍ ഞായറാഴ്ച ഉച്ചസമയം മുതല്‍ ഡിപ്പോയിലേക്ക് വിളിച്ച യാത്രക്കാരന് ലൈന്‍ ബിസിയാണ് എന്ന മറുപടിയാണ് ലഭിച്ചത്. ഇന്നലെ പകലും ഈ മറുപടി തുടര്‍ന്നു. തിങ്കളാഴ്ച ദിവസം അതിരാവിലെ നിരവധി യാത്രക്കാരാണ് വിവിധ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ദീര്‍ഘദൂര ബസുകളുണ്ടെന്ന് ഉറപ്പു വരുത്താനാണ് യാത്രക്കാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പലപ്പോഴും ഫോണില്‍ ഡിപ്പോ അധികൃതരെ ലഭിക്കാറില്ല.

അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ജീവനക്കാര്‍ സ്ഥിരമായി ഡിപ്പോകളില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഫോണില്‍ വിവരങ്ങള്‍ അറിയാന്‍ വിളിച്ചാല്‍ യാതൊരു ഫലവുമില്ലാത്ത അവസ്ഥയാണ്. ഇതിനാല്‍ സ്ഥിരം യാത്രക്കാര്‍ വരെ ബസ് ഉണ്ടോ എന്ന് ഉറപ്പിക്കാനാകാതെ കുഴങ്ങുകയാണ്. അന്വേഷങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയാല്‍ മാത്രമേ യാത്രക്കാര്‍ ബസ് പ്രതീക്ഷിച്ച് സ്റ്റോപ്പുകളില്‍ നില്‍ക്കൂ. വിവരങ്ങള്‍ തേടി കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് വിളിക്കുന്നവര്‍ക്ക് കൃത്യമായ വിവരം ലഭിക്കാതെ വരുമ്പോള്‍ യാത്രക്കാര്‍ മറ്റ് യാത്രാ സംവിധാനങ്ങള്‍ തേടി പോകും. ഇത് കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ ബാധിക്കും.യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി വരുമ്പോഴാണ് നിലവിലുള്ള യാത്രക്കാര്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ കെഎസ്ആര്‍ടിസി മൂലമറ്റം ഡിപ്പോ അധികൃതര്‍ ഒളിച്ചുകളിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!