Thodupuzha

ആദിവാസി കോളനിയിലെ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാത്തത് നീതിനിഷേധം; മനുഷ്യാവകാശ കമ്മീഷന്‍

 

തൊടുപുഴ: ചിന്നക്കനാല്‍ 301 ആദിവാസി കോളനിയിലെ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാത്തത് നീതിനിഷേധമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കാലതാമസം കൂടാതെ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി.
2015 – 16 സാന്പത്തിക വര്‍ഷമാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള പദ്ധതിക്കായി 45 ലക്ഷം രൂപ അനുവദിച്ചത്. ഇതിനായി രണ്ട് കുളങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. എന്നാല്‍ ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഇതോടെ പദ്ധതിയുടെ നിര്‍മാണം മുടങ്ങുകയായിരുന്നു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയില്‍നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പദ്ധതിക്കുവേണ്ടി മൂന്ന് സംഭരണ ടാങ്കുകളും പന്പ് ഹൗസുകളും നിര്‍മിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടിക്കുഴി ഭാഗം ഒഴികെയുള്ള പ്രദേശങ്ങളില്‍ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ട്രഞ്ച് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല. നിലവിലുള്ള ട്രഞ്ചുകള്‍ മണ്ണുമൂടിയ നിലയിലാണ്.ആനയിറങ്കല്‍ ഡാമിന്റെ ഭാഗത്ത് സ്ഥാപിച്ച കുടിവെള്ള കിണറിന് ആവശ്യമായ ഉയരമില്ലാത്തതിനാല്‍ വെള്ളം മൂടിയ നിലയിലാണ്. കിണറിന്റെ ഉയരം വര്‍ധിപ്പിച്ച് പദ്ധതി ഉപയോഗക്ഷമമാക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 10,44,735 രൂപ കരാറുകാരന് പാര്‍ട്ട് ബില്‍ നല്‍കിയതായി ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാരന്‍ ആറു മാസംകൂടി ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴ കാരണമാണ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആദിവാസി ഫോറം പ്രസിഡന്റ് മിനി ബെന്നി നല്‍കിയ പരാതിയിലാണ് നടപടി.

Related Articles

Back to top button
error: Content is protected !!