ChuttuvattomThodupuzha

തൊഴിലുറപ്പ് പദ്ധതി : ഓംബുഡ്സ്മാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ; പരാതികള്‍ തപാല്‍ ,ഇ-മെയില്‍ ആയി നല്‍കാം

തൊടുപുഴ :  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലയിലെ ഓംബുഡ്‌സ്മാന്‍ പി. ജി രാജന്‍ ബാബു 2023-24 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 108 പരാതികള്‍ ലഭിച്ചതില്‍ 101 എണ്ണം തീര്‍പ്പാക്കി. അര്‍ഹതപ്പെട്ട വേതന നിഷേധം, തൊഴില്‍ നിഷേധം, മേറ്റുമാരുടെ നിയമനം, നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുക സമയബന്ധിതമായി അനുവദിച്ചു നല്‍കാതിരിക്കല്‍, തൊഴിലിട സൗകര്യങ്ങള്‍ നിഷേധിയ്ക്കല്‍, തൊഴിലിടങ്ങളിലുണ്ടായ പ്രശ്നങ്ങള്‍ എന്നിവയാണ് പരിഹരിക്കപ്പെട്ടത്.

വിദഗ്ധ, അര്‍ദ്ധ വിദഗ്ധ, അവിദഗ്ധ വേതനം യഥാസമയം ലഭിക്കാത്തത് സംബന്ധിച്ച ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. മസ്റ്റര്‍റോളില്‍ ഒപ്പിട്ടശേഷം മറ്റ് ജോലികള്‍ക്കും യോഗങ്ങള്‍ക്കും പോയതു സംബന്ധിച്ച് രാജാക്കാട്, കഞ്ഞിക്കുഴി, കൊന്നത്തടി, വണ്ടിപ്പെരിയാര്‍ എന്നി ഗ്രാമപഞ്ചായത്തുകളില്‍നിന്നും പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് വേതനം തിരിച്ചടക്കാന്‍ ഉത്തരവായിട്ടുണ്ട്. വേതനം തിരിച്ചടക്കല്‍ ഇനത്തില്‍ 5006 രൂപ ഈടാക്കിയിട്ടുണ്ട്.

സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊന്നത്തടി,ഇടവെട്ടി പഞ്ചായത്തുകളിലും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം, ചിന്നക്കനാല്‍, കൊന്നത്തടി, കാന്തല്ലൂര്‍ പഞ്ചായത്തുകള്‍ക്കെതിരെയും സ്വമേധയ കേസെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയുമായി ബന്ധപ്പെട്ടു 10 പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ 7 എണ്ണം തീര്‍പ്പാക്കി. തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതികളെ സംബന്ധിച്ചുള്ള പരാതികള്‍ ഓംബുഡ്സ്മാന്‍ ഓഫീസ്, പൈനാവ് പി.ഒ-685603 എന്ന വിലാസത്തില്‍ സാധാരണ തപാലിലോ http://ombudsmanidk@ gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!