ChuttuvattomThodupuzha

സൗകര്യങ്ങള്‍ പരിമിതം ; വിനോദ സഞ്ചാരികള്‍ ബുദ്ധിമുട്ടില്‍

മൂലമറ്റം : വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ എത്തുന്ന സഞ്ചാരികള്‍ സൗകര്യത്തിന്റെ അഭാവത്തില്‍ ബുദ്ധിമുട്ടില്‍. കോട്ടയം – ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ ഇലവീഴാപൂഞ്ചിറയില്‍ ഈസ്റ്ററിനോടനുബന്ധിച്ച് നൂറുകണക്കിന് വിനോദസഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്. കോട്ടയം ജില്ലയിലെ കാഞ്ഞിരം കവലയില്‍  ആധുനികരീതിയില്‍ ടാറിംഗ് പൂര്‍ത്തിയായതോടെ ഇതുവഴി ഇലവീഴാപൂഞ്ചിറയിലേക്കെത്തുന്ന സഞ്ചാരികളുടെ തിരക്കേറി. കാഞ്ഞാറില്‍ നിന്നുള്ള റോഡ് ടാറിംഗും പൂര്‍ത്തിയായിട്ടുണ്ട്. ചക്കിക്കാവില്‍ നിന്നും ഇലവീഴാപൂഞ്ചിറ വരെയുള്ള ഭാഗം ടാറിംഗ് നടത്താതെ ദീര്‍ഘകാലം കിടന്നിരുന്നു. എന്നാല്‍ പ്രദേശവാസികളുടെ നിരന്തര പരാതിക്കൊടുവില്‍ ചക്കിക്കാവ് ഇലവീഴാപൂഞ്ചിറ വരെയുള്ള ഭാഗത്തിന്റെയും ടാറിംഗ് പൂര്‍ത്തിയാക്കി. അതിനാല്‍ നിരവധി വിനോദസഞ്ചാരികളാണ് ഇവിടെക്കെത്തുന്നത്. കാഞ്ഞാര്‍ വഴിയും നിരവധി വിനോദസഞ്ചാരികള്‍ പൂഞ്ചിറയില്‍ എത്തുന്നുണ്ട്.

എന്നാല്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രാഥമിക ആവശ്യം നിര്‍വഹിക്കാനുള്ള സൗകര്യം പോലുമില്ല. വനിതകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ പ്രാഥമിക ആവശ്യം പോലും നിറവേറ്റാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇലവീഴാ പൂഞ്ചിറ വ്യൂ പൊയിന്റിന്റെ 800 മീറ്റര്‍ താഴെ വരെയാണ് സഞ്ചാര യോഗ്യമായ റോഡുള്ളത്. ഇവിടെ നിന്നും വിനോദസഞ്ചാരികളെ ട്രിപ്പ് ജീപ്പിലാണ് മുകളിലെത്തിക്കുന്നത്. വ്യൂ പൊയിന്റിലേക്കെത്താനുള്ള പാതയില്‍ 800 മീറ്റര്‍ ഭാഗം പൊട്ടി പൊളിഞ്ഞ് സഞ്ചാര യോഗ്യമല്ലാത്ത നിലയിലാണുള്ളത്. ജീപ്പ് കടന്നുപോകുമ്പോള്‍ പ്രദേശമാകെ പൊടി കൊണ്ട് നിറയും ഇത് അതിജീവിച്ച് വേണം വ്യൂ പൊയിന്റിലെത്താനെന്ന് വിനോദ സഞ്ചാരികള്‍ പറയുന്നു. പൊളിഞ്ഞ് കിടക്കുന്ന പാത കല്ല് പാകി കോണ്‍ക്രീറ്റ് ചെയ്താല്‍ പൊടി ശല്യം ഒരു പരിധി വരെയെങ്കിലും തടയാനാകുമെന്നും എന്നാല്‍ അധികൃതര്‍ ഇതിനു തയ്യാറാവുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇല വീഴാപൂഞ്ചിറയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്നും വ്യൂ പോയിന്റിലെത്താനുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ശക്തമാകുകയാണ്.

 

Related Articles

Back to top button
error: Content is protected !!