ChuttuvattomThodupuzha

തെരഞ്ഞെടുപ്പ് കാലത്ത് തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് കര്‍ഷകര്‍

പെരുംകൊഴുപ്പ് : കാര്‍ഷിക വസ്തുക്കളുടെ അടിക്കടിയുള്ള വിലയിടിവും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവും തൊഴിലില്ലായ്മയും മൂലം കഷ്ടപ്പെടുന്ന കേരള ജനതയുടെ ഇടയിലേക്ക് ഒരു തെരഞ്ഞെടുപ്പ് കൂടി വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെരുംകൊഴുപ്പ് , അഞ്ചിരി ഇഞ്ചിയാനി, ആലക്കോട് നിവാസികളായ കര്‍ഷകര്‍ വയനക്കാവ് പാലത്തില്‍ ഒത്തുകൂടി തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.

കാര്‍ഷിക വസ്തുക്കള്‍ക്ക് താങ്ങ് വില വര്‍ദ്ധിപ്പിക്കണമെന്നും ടൂറിസം മേഖല വളര്‍ന്നാല്‍ കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് അതിലൂടെ പല നേട്ടങ്ങളും കൊയ്യാമെന്നും, ഇതിന് തയ്യാറാകുന്ന ജനപ്രതിനിധികള്‍ക്കേ വോട്ടുചെയ്യുകയുള്ളുവെന്നും തോമസ് മൈലാടൂര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ജോലി സ്ഥിരതയില്ല. ജോലിസ്ഥിരത ഉറപ്പാക്കണം. തെരെഞ്ഞടുക്കപ്പെടുന്ന ജനപ്രതിനിധികള്‍, ഉദാഹരണം പാര്‍ലമെന്റ് മെമ്പര്‍ ആണെങ്കില്‍ ഒരോ പഞ്ചായത്തിലും , 7 നിയോജക മണ്ഡലങ്ങളില്‍ ഒരോ 6 മാസം കൂടുമ്പോഴും അവിടം സന്ദര്‍ശിച്ച് സ്ഥലം എംല്‍എ അടക്കം ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും, രാഷ്ട്രീയ, സാമുഹിക , പൊതുപ്രവര്‍ത്തകരേയും വിളിച്ചുകൂട്ടി പ്രദേശത്തെ പോരായ്മകള്‍ ചോദിച്ചറിഞ്ഞ് പരിഹരിച്ചു നല്‍കണമെന്നതാണ് മാത്യു വാരിക്കാട്ടിന്റെ ആവശ്യം.

കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു റോഡ് സൗകര്യം കുറവാണ് പല പ്രദേശങ്ങളിലും ബസ് സര്‍വീസുകള്‍ ഇല്ലായെന്ന് ബെന്നി ചെറുവള്ളാത്ത്. വ്യവസായ പാര്‍ക്കുകളും ഐടി പാര്‍ക്കുകളും സ്ഥാപിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നതാണ് അനു കൊച്ചുപറമ്പില്‍ മുമ്പോട്ടുവച്ച ആശയം. പുതുതലമുറ കൃഷിയിലേക്ക് കടക്കുന്നില്ല, ലാഭകരമല്ലാത്തതാണ് കാരണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഫാക്ടറികളും വ്യവസായ ശാലകളും കൊണ്ടുവരണം. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനാവശ്യമായ പരീശീലനവും, ബാങ്ക് വായ്പയും , അതിനുള്ള വിപണിയും കണ്ടെത്തി കൊടുത്തെങ്കിലെ വിളകള്‍ക്ക് മെച്ചപ്പെട്ട വിലയും കിട്ടുകയുള്ളൂ. ഇങ്ങനെ ചെയ്താല്‍ മാത്രമേ കര്‍ഷകര്‍ ഈ മേഖലയിലേക്ക് വരുകയുള്ളൂവെന്ന് സാജു മേത്തിരേട്ട് പറഞ്ഞു.

എന്തിന് വോട്ട് ചെയ്യണം നാട്ടില്‍ നിരവധിയായ കാര്യങ്ങള്‍ നടപ്പിലാക്കാനുണ്ട് അതിനൊന്നും ആരും താല്‍്പ്പര്യം കാണിക്കുന്നില്ലയെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ടൂറിസം മേഖല വളര്‍ന്നാല്‍ വ്യാപാരികള്‍ക്കും നാടിനും അത് ഉണര്‍വേകും. ദീര്‍ഘ വീക്ഷണത്തോടുകൂടിയുള്ള പ്രവര്‍ത്തനം കൊണ്ടേ നാടിനും നാട്ടുകാര്‍ക്കും പ്രയോജനം കിട്ടുകയുള്ളൂ. നാട്ടില്‍ തൊഴിലവസരങ്ങള്‍ ഉണ്ടായാല്‍ പഠിച്ചിറങ്ങുന്ന യുവതലമുറ വിദേശത്തേക്ക് കുടിയേറുകയില്ല. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കാത്തതാണ് എല്ലാത്തിനു തടസമാകുന്നതെന്നും തുടങ്ങി ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകളും ആവശ്യങ്ങളും അഭിപ്രായങ്ങളുമാണ് വയനക്കാവ് പാലത്തില്‍ ഒത്തുകൂടിയ കര്‍ഷകര്‍ക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്.

 

Related Articles

Back to top button
error: Content is protected !!