ChuttuvattomThodupuzha

പനി :  ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് 

തൊടുപുഴ: ഡെങ്കിപ്പനിക്ക് പുറമേ എച്ച്1 എന്‍1, എലിപ്പനി എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിവിധ പകര്‍ച്ചവ്യാധി ലക്ഷണങ്ങളുള്ളവര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.  കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളില്‍ വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. എലിപ്പനി ലക്ഷണങ്ങള്‍ പനിയോടൊപ്പം നടുവേദന, കാലിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ നിറം എന്നിവയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണത്തൊഴിലാളികള്‍, കൃഷിപ്പണിക്കാര്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ കഴിക്കണം.
ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയില്‍, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് എച്ച്1 എന്‍1 ലക്ഷണങ്ങള്‍. ചികിത്സയ്ക്കുള്ള ഒസള്‍ട്ടമിവിര്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും സൗജന്യമായി ലഭിക്കും. ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ പൂര്‍ണ വിശ്രമത്തില്‍ കഴിയുക. കഴിയുന്നതും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുക. പുറത്ത് ഇടപഴകുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമയം പാഴാക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ സേവനം തേടണം.  പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം, വൃക്ക, കരള്‍ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍, ഗര്‍ഭിണികള്‍, തൂക്കം കൂടുതലുള്ളവര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവര്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടനെ ചികിത്സിക്കണം. esanjeevaniopd. in ല്‍ ലോഗിന്‍ ചെയ്ത് ഇ-സഞ്ജീവനിയുടെ സൗകര്യം പ്രയോജനപ്പെടുത്തണം. ദിശ നമ്പര്‍ : 1056/104/ 0471 255 2056.

Related Articles

Back to top button
error: Content is protected !!