ChuttuvattomThodupuzha

തീരാദുരിതം തീര്‍ത്ത് തൊടുപുഴയില്‍ വീണ്ടും വെള്ളക്കെട്ട്

തൊടുപുഴ : നഗരവാസികള്‍ക്കും വ്യാപാരികള്‍ക്കും തീരാദുരിതം തീര്‍ത്ത് പതിവുപോലെ ഇന്നലെയും മഴയെ തുടര്‍ന്ന് തൊടുപുഴ നഗരത്തിലെങ്ങും വെള്ളക്കെട്ടുണ്ടായി. ഇന്നലെ വൈകിട്ട് അഞ്ച് മുതലാണ് നഗരത്തില്‍ മഴ ആരംഭിച്ചത്. ശക്തമായ മഴയില്‍ കാഞ്ഞിരമറ്റം- ന്യൂമാന്‍ കോളജ് റോഡില്‍ വലിയ വെള്ളക്കെട്ടാണുണ്ടായത്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ട് ചലിക്കാന്‍ കഴിയാത്ത സ്ഥിതിയായി. ചില വാഹനങ്ങള്‍ വെള്ളം കയറി റോഡിന് നടുക്ക് ഓഫായി നിന്ന് പോവുകയും ചെയ്തു. പോക്കറ്റ് റോഡുകളില്‍ നിന്ന് കുത്തൊഴുക്കില്‍ കല്ലും മണ്ണും മെയിന്‍ റോഡിലേക്ക് ഒഴുകിയെത്തിയതും വാഹനയാത്രികര്‍ക്ക് ദുരിതമായി. നഗരസഭയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും നടത്തിയ പ്രവര്‍ത്തനങ്ങളൊന്നും ഫലപ്രദമായില്ലെന്നാണ് ആവര്‍ത്തിച്ചുണ്ടാകുന്ന വെള്ളക്കെട്ട് തെളിയിക്കുന്നത്.

ഓടകള്‍ അടഞ്ഞതിനാല്‍ മഴ പെയ്താല്‍ വെള്ളം ഒഴുകിപോകാന്‍ സൗകര്യം ഇല്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഓടകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഇടയ്ക്കിടെ വൃത്തിയാക്കാറുണ്ടെങ്കിലും മാലിന്യം നിറഞ്ഞ് വീണ്ടും അടയും. മഴവെള്ളം ഒഴുകുന്നതിന് സൗകര്യപ്രദമായ തരത്തില്‍ വീതിയുണ്ടായിരുന്ന ഓടകള്‍ പലതും കൈയേറ്റത്തിന്റെ ഫലമായി ഇടുങ്ങിപ്പോയി. ന്യൂമാന്‍ കോളജ് ബൈപാസില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണം നടത്തിയത്. കലുങ്ക് വീതികൂട്ടി നിര്‍മിച്ചു, റോഡ് ഭാഗം ചെറിയതോതില്‍ ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍, വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള വീതി ഓടകള്‍ക്കൊന്നിനുമില്ല. ഓടയ്ക്കുമുകളില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ലാബിന്റെ വിടവിലൂടെ വെള്ളം റോഡിലേക്കാണ് ഒഴുകുന്നത്. എംഎല്‍എ ഫണ്ട് മുഖേന തൊടുപുഴയിലെ ചിലയിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.

Related Articles

Back to top button
error: Content is protected !!