ChuttuvattomThodupuzha

അതിദരിദ്ര കുടുംബങ്ങള്‍ക്ക് സഹായവുമായി സര്‍ക്കാര്‍ ; നടപ്പാക്കിയത് വൈവിധ്യമാര്‍ന്ന പദ്ധതികള്‍

തൊടുപുഴ: അതിദരിദ്ര കുടുംബങ്ങളുടെ അതിജീവനത്തിന് കരംപിടിച്ച് സര്‍ക്കാര്‍. അടിസ്ഥാന സൗകര്യ വികസനം, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളിലെ വികസനത്തിനായി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ജില്ലയില്‍ പുരോഗമിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ടും ഉപയോഗപ്പെടുത്തിയാണ് പദ്ധതികള്‍. ജില്ലയില്‍ 2,665 അതിദരിദ്ര കുടുംബങ്ങളാണുള്ളത്. 52 പഞ്ചായത്തുകളിലും കട്ടപ്പന, തൊടുപുഴ നഗരസഭകളിലും നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമായത്. 2,394 കുടുംബങ്ങളും പഞ്ചായത്തുകളിലാണ്. തൊടുപുഴ, കട്ടപ്പന നഗസഭകളിലായി 271 കുടുംബങ്ങളുണ്ട്. 1,121 ഏകാംഗ കുടുംബങ്ങള്‍. കട്ടപ്പന നഗരസഭയിലാണ് കൂടുതല്‍, 149. വണ്ണപ്പുറം പഞ്ചായത്തില്‍ 134ഉം അടിമാലിയില്‍ 121ഉം അതിദരിദ്ര കുടുംബങ്ങളുണ്ട്. കുറവ് കരിങ്കുന്നം പഞ്ചായത്തിലാണ്- രണ്ട് കുടുംബങ്ങള്‍. വട്ടവടയില്‍ മൂന്നും കുമാരമംഗലത്ത് ഏഴും കുടുംബങ്ങളുണ്ട്. ഭക്ഷണം, ആരോഗ്യം, വരുമാനം, പാര്‍പ്പിടം തുടങ്ങി ആറ് പൊതുഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വേ. വാര്‍ഡ് തലങ്ങളില്‍ നടന്ന ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയിലൂടെയാണ് കുടുംബങ്ങളെ കണ്ടെത്തിയത്. ഗ്രാമസഭകള്‍ ചേര്‍ന്നാണ് അനര്‍ഹരെ ഒഴിവാക്കി അന്തിമപട്ടിക തയ്യാറാക്കിയതെന്ന് അതിദരിദ്ര നിര്‍മാര്‍ജനം ജില്ലാ നോഡല്‍ ഓഫീസര്‍ സാജു സെബാസ്റ്റ്യന്‍ പറഞ്ഞു.

അല്ലലില്ലാതെ സുരക്ഷിതമായി

ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ള 755 കുടുംബങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കി. 1,611 കുടുംബങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ എത്തിച്ചു. വരുമാനമില്ലാതിരുന്ന 45 കുടുംബങ്ങള്‍ക്ക് വരുമാനദായക സേവനങ്ങള്‍ ലഭ്യമാക്കി. വീടില്ലാത്ത 85 കുടുംബങ്ങള്‍ക്ക് സംരക്ഷണമേകി. ഇക്കൂട്ടത്തില്‍ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റിയവയും വീട് ലഭ്യമാക്കിയവയുമുണ്ട്. 169 വിദ്യാര്‍ത്ഥികള്‍ക്ക് ബസ് പാസും ശരിയാക്കി നല്‍കി.

അവകാശ രേഖകള്‍

കുടുംബങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ക്കുള്ള അവകാശ രേഖകള്‍ ഉറപ്പാക്കി. 221 ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, 117വോട്ടര്‍ കാര്‍ഡ്, 30 സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, 29 ബാങ്ക് അക്കൗണ്ടുകള്‍, 35 തൊഴില്‍ കാര്‍ഡ്, 114 ആധാര്‍ കാര്‍ഡ്, മൂന്ന് ഗ്യാസ് കണക്ഷന്‍, 99 റേഷന്‍ കാര്‍ഡ്, എട്ട് കുടുംബശ്രീ അയല്‍ക്കൂട്ട അംഗത്വം, രണ്ട് ഭിന്നശേഷി കാര്‍ഡ് എന്നിവ ലഭ്യമാക്കി. ഒരു വീട്ടില്‍ വയറിംഗും ചെയ്തു.

ചികിത്സാ സഹായം

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഉടുമ്പന്നൂര്‍ പഞ്ചായത്തിന് 10 ലക്ഷം രൂപ അനുവദിച്ചു. രാജകുമാരി പഞ്ചായത്തില്‍ വൃക്ക മാറ്റിവയ്ക്കലിനും ചിന്നക്കനാലില്‍ മുട്ട് ചിരട്ട മാറ്റിവയ്ക്കലിനും ആലക്കോട് അര്‍ബുദ ചികിത്സയ്ക്കും ധനസഹായത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 

Related Articles

Back to top button
error: Content is protected !!