ChuttuvattomThodupuzha

കനത്ത വേനല്‍ച്ചൂട് ; ജില്ലയില്‍ തകര്‍ന്നടിഞ്ഞത് 40.60 കോടിയുടെ കാര്‍ഷിക വിളകള്‍

തൊടുപുഴ : കനത്ത വേനല്‍ച്ചൂടുമൂലം ജില്ലയില്‍ തകര്‍ന്നടിഞ്ഞത് 40.60 കോടിയുടെ കാര്‍ഷിക വിളകള്‍. 12,078 കര്‍ഷകരുടെ 2092.28 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്.കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതല്‍ ഇന്നലെവരെയുണ്ടായ കൃഷിനാശത്തിന്റെ കണക്കാണിത്. കുരുമുളക് , ഏലം കൃഷിക്കാണ് വന്‍ തോതില്‍ നാശ നഷ്ടം നേരിട്ടത്. ഏലം മേഖലയില്‍ പലര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇനി കൃഷി പുതുതായി ആരംഭിക്കണമെങ്കിലും ലക്ഷങ്ങള്‍ മുടക്കേണ്ടി വരും. ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്തവര്‍ക്കും വന്‍ നഷ്ടമാണ് നേരിട്ടത്. വേനല്‍ നീണ്ടു നിന്നാല്‍ പല കര്‍ഷകരും കടക്കെണിയിലുമാകും. ഏലം കൃഷി കൂടുതലായുള്ള നെടുങ്കണ്ടം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ വിളനാശമുണ്ടായത്. 3708 കര്‍ഷകര്‍ക്കായി 13.06 കോടിയുടെ നഷ്ടമാണുണ്ടായത്. 784 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടായി. പീരുമേട് ബ്ലോക്കില്‍ 11.36 കോടിയുടെ കൃഷി നാശമുണ്ടായി. 2087 കര്‍ഷകരുടെ 313 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. ദേവികുളം ബ്ലോക്കില്‍ 353 കര്‍ഷകര്‍ക്കായി 4.94 കോടി, ഇളംദേശത്ത് 110 കര്‍ഷകര്‍ക്കായി 28.93 ലക്ഷം, ഇടുക്കിയില്‍ 1,220 കര്‍ഷകരുടേതായി 129 ഹെക്ടര്‍ സ്ഥലത്ത് 1.90 കോടി, കട്ടപ്പനയില്‍ 1467 കര്‍ഷകര്‍ക്കായി 4.68 കോടി, തൊടുപുഴയില്‍ 15 കര്‍ഷകര്‍ക്കായി 5.27 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളിലെ കൃഷി നാശത്തിന്റെ കണക്ക്.

കടുത്ത വേനലില്‍ കായ്ഫലമുള്ള കുരുമുളകുചെടികള്‍ 1,98,204 എണ്ണമാണ് നശിച്ചത്. 2,835 കര്‍ഷകര്‍ക്കായി 14.86 കോടിയുടെ നഷ്ടമുണ്ടായി. കായ്ക്കാത്ത കുരുമുളക് ചെടികള്‍ 41,312 എണ്ണവും നശിച്ചു. 371 കര്‍ഷകര്‍ക്കായി 2.06 കോടിയുടെ നഷ്ടമുണ്ടായി. 1693.58 ഹെക്ടര്‍ സ്ഥലത്തെ ഏലം കൃഷിയാണ് നശിച്ചത്. 6200 കര്‍ഷകര്‍ക്കാണ് വേനല്‍ മൂലം 11.85 കോടിയുടെ നഷ്ടം നേരിട്ടത്. കുലയ്ക്കാത്ത 45,475 വാഴകളാണ് ജലദൗര്‍ലഭ്യം മൂലം നശിച്ചത്. 719 കര്‍ഷകര്‍ക്ക് 1.81 കോടിയുടെ നഷ്ടമുണ്ടായി. കുലച്ച വാഴകള്‍ 90,040 എണ്ണവും നശിച്ചു. 5.40 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കാപ്പി 32325 എണ്ണമാണ് നശിച്ചത്. 1.29 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്, ജാതി കായ്ക്കുന്നത് 1882 എണ്ണവും കായ്ക്കാത്തത് 6760 എണ്ണവും ഉണങ്ങി നശിച്ചു. 2.46 കോടിയാണ് നഷ്ടം. 2424 കൊക്കോച്ചെടികള്‍ ഉണങ്ങിയതോടെ 8.48 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 18 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറി കൃഷിയും നശിച്ചിട്ടുണ്ട്. ടാപ്പ് ചെയ്യാത്ത 48 റബര്‍ മരങ്ങളും ടാപ്പു ചെയ്യുന്ന ആറ് മരങ്ങളും 30 തെങ്ങുകളും ഉണങ്ങി നശിച്ചു. കായ്ക്കുന്ന 1371 കമുകും കായ്ക്കാത്ത 1350 കമുകും ഉണങ്ങി നശിച്ചു.കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ കൃഷി നാശം സംഭവിക്കുമ്പോഴും ഇതിന്റെ നഷ്ടപരിഹാരം ലഭിക്കാന്‍ വരുന്ന കാലതാമസം ഇവരെ ദുരിതത്തിലാക്കുന്നുണ്ട്. പലപ്പോഴും വിള നാശത്തിനുള്ള അപേക്ഷ നല്‍കി വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് തുച്ഛമായ നഷ്ടപരിഹാരം ലഭിക്കുക.

 

Related Articles

Back to top button
error: Content is protected !!