ChuttuvattomThodupuzha

ഭാരവാഹനങ്ങള്‍ തുടര്‍ച്ചയായി ഓടുന്നു ; റോഡിന് പുറമേ കുടിവെള്ള പൈപ്പും തകരുന്നതായി പരാതി

തൊടുപുഴ : അമിത ഭാരം കയറ്റിയ ലോറികളുടെ നിരന്തര ഓട്ടം മൂലം തെക്കുംഭാഗം – അഞ്ചിരി റോഡിലെ ജല വിതരണ പൈപ്പുകളുടെ തകര്‍ച്ച പതിവാകുന്നു. അമിത ഭാരം കയറ്റി വരുന്ന ടോറസ് ലോറികള്‍ മറ്റ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാനായി വശം ചേര്‍ന്ന് കൊടുക്കുമ്പോള്‍ റോഡരികിലൂടെ കുഴിയെടുത്ത് സ്ഥാപിച്ചിട്ടുള്ള ജലവിതരണ പൈപ്പുകളാണ് പ്രധാനമായും പൊട്ടുന്നത്. കഴിഞ്ഞ ദിവസം തെക്കുംഭാഗം മലങ്കര ഗേറ്റിനു സമീപം ലോറി വശം ചേര്‍ന്ന് കൊടുത്ത് പോയതിനു പിന്നാലെ പൈപ്പ് പൊട്ടി വന്‍ തോതില്‍ വെള്ളം പാഴായി. ആയിരക്കണക്കിനു ലിറ്റര്‍ വെള്ളമാണ് ഇവിടെ പാഴായത്. വലിയ ശക്തിയിലാണ് മുകളിലേക്ക് വെള്ളം ചീറ്റുന്നത്. ഇതുവഴി പോകുന്ന കാല്‍നട യാത്രക്കാരും ഇരു ചക്ര വാഹന യാത്രക്കാരും വെള്ളത്തില്‍ നനഞ്ഞ് പോകേണ്ട സ്ഥിതിയാണ്. ബസില്‍ പോകുന്നവരുടെ ദേഹത്തും വെള്ളം തെറിക്കുന്നുണ്ട്.

വെള്ളം പാഴായാലും കണ്ടഭാവം നടിക്കാതെ വാട്ടര്‍ അതോറിറ്റി

അതേ സമയം എന്തു കാരണം കൊണ്ടായാലും പൈപ്പ് പൊട്ടിയാല്‍ ഇത് നന്നാക്കാന്‍ ജല അതോറിറ്റിക്കാരും പാറമടക്കാരും ഇല്ലാത്ത സ്ഥിതിയാണ്. കടുത്ത വേനലില്‍ ശുദ്ധജലത്തിനായി ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോള്‍ ഇത്തരത്തില്‍ പൈപ്പുകള്‍ പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നതിനു പരിഹാരമില്ല. തെക്കുംഭാഗം – അഞ്ചിരി റോഡിലൂടെ അനുവദനീയമായതിലും ഇരട്ടിയോളം ലോഡ് കയറ്റിയാണ് ടോറസുകളും മറ്റും ഓടുന്നതെന്ന പരാതി ശക്തമാണ്. കഴിഞ്ഞ മാസം അഞ്ചിരി അംഗന്‍വാടിക്ക് സമീപം ഇത്തരത്തില്‍ ജലവിതരണ പൈപ്പ് പൊട്ടിയത് ഒരു മാസം കഴിഞ്ഞിട്ടും നന്നാക്കാത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഇതുവഴി പോയ ടോറസ് ലോറി തടഞ്ഞിട്ടിരുന്നു.

തുടര്‍ന്ന് മുട്ടം പോലീസ് എത്തി ലോറി വെങ്ങല്ലൂരില്‍ എത്തിച്ച് തൂക്കി നോക്കിയപ്പോള്‍ അനുവദനീയമായതിലും 23 ടണ്‍ ലോഡ് കൂടുതലാണെന്ന് കണ്ടെത്തി. ഇതെ തുടര്‍ന്ന് കേസ് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി. ഇവര്‍ ലോറിക്ക് വന്‍ തുക പിഴ ഇട്ടു. ഇതിനു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പും, റവന്യു അധികാരികളും രണ്ട് ദിവസം നടത്തിയ പരിശോധനയില്‍ നിയമ വിരുദ്ധമായി ലോഡ് കയറ്റിയതും പാസ് ഇല്ലാതെ ലോഡ് കൊണ്ടു പോയതും ഉള്‍പ്പെടെ ഇരുപതോളം ടോറസുകള്‍ പിടികൂടി പിഴ അടപ്പിച്ചു. എന്നാല്‍ പിന്നീട് ഇതെല്ലാം അധികൃതര്‍ മറന്നു. ഇപ്പോള്‍ നൂറു കണക്കിനു ടോറസുകളാണ് ഇത്തരത്തില്‍ അമിത ലോഡ് കയറ്റി നിരത്തിലൂടെ പായുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം ഇത്തരം നിയമ വിരുദ്ധ കാര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന പരാതി ശക്തമാണ്.

 

Related Articles

Back to top button
error: Content is protected !!