ChuttuvattomThodupuzha

കൊടിയ വേനലില്‍ കരിഞ്ഞുണങ്ങിയത് 429.8 ഹെക്ടര്‍ കൃഷി

തൊടുപുഴ : കൊടിയ വേനല്‍ ചൂടില്‍ ജില്ലയില്‍ കരിഞ്ഞുണങ്ങിയത് 429.8 ഹെക്ടര്‍ കൃഷി. ജില്ലയുടെ വിവിധ കൃഷി ഭവനുകളില്‍ നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരമാണിത്. 244 കൃഷിക്കാരുടെ കൃഷി വേനലില്‍ നശിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ നശിച്ചത് വാഴ കൃഷിയാണ്. ജാതി, കുരുമുളക്, കമുകിന്‍ തൈ, കുരുമുളക് തുടങ്ങിയ കൃഷികളാണ് നശിച്ചത്. വേനല്‍ നീണ്ടു നില്‍ക്കാനിടയായാല്‍ വിളകള്‍ ഇനിയും കരിഞ്ഞുണങ്ങാന്‍ സാധ്യതയുണ്ട്. കാര്‍ഷിക മേഖലയില്‍ ചൂടിന്റെ ആധിക്യം കൂടിയാല്‍ തൊഴിലാളികളെ കിട്ടാനില്ലെന്ന പ്രതിസന്ധിയും ഉടലെടുക്കും. ഏലത്തോട്ടങ്ങളില്‍ ഉള്‍പ്പെടെ വിളകളെ വരള്‍ച്ച ബാധിച്ചുതുടങ്ങി. കൂടാതെ വേനല്‍ മൂലം ജലസ്രോതസുകളും നീരൊഴുക്കുകളും പലതും വറ്റാന്‍ തുടങ്ങിയതും പല കാര്‍ഷിക വിളകള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കും. ചൂടിനെ തുടര്‍ന്ന് വിളകള്‍ ഭൂരിഭാഗവും വാടിക്കരിഞ്ഞ് നില്‍ക്കുന്നത് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പച്ചക്കറി വിളവെടുക്കുന്ന സമയം കൂടിയായതിനാല്‍ ഉണക്ക് കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കുകയാണ്.

മാര്‍ക്കറ്റില്‍ നാടന്‍ പച്ചക്കറിയുടെ വരവ് കുറഞ്ഞ് തുടങ്ങി. വിളവെടുക്കുന്ന ഏത്തക്കുലയുടെ തൂക്കത്തിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഹൈറേഞ്ചില്‍ ഏറെ കൃഷി ചെയ്യുന്ന വാഴ കര്‍ഷകരും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നട്ട വാഴകള്‍ വേനല്‍ മഴ ലഭിക്കാത്തതുമൂലം കരിഞ്ഞു നാശത്തിന്റെ വക്കിലാണ്. വാഴയും കപ്പയുമടക്കം ഉണങ്ങി. വാഴപ്പിണ്ടിയുടെ വെള്ളം വറ്റി വാഴകള്‍ ഒടിഞ്ഞുവീഴുകയാണ്. വാഴ മാത്രമല്ല, കുരുമുളക്, ജാതി, പച്ചക്കറികള്‍, ഫലവൃക്ഷത്തൈകള്‍ മുതല്‍ തെങ്ങിന്‍ തൈകളും കമുകും വരെ വാടിയ നിലയിലാണ്. ഹൈറേഞ്ചില്‍ പോലും മണ്ണ് ഉണങ്ങിക്കിടക്കുന്ന സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. പാവക്കയും പയറുമൊക്കെ മാര്‍ക്കറ്റിലേക്ക് ധാരാളം വരേണ്ട സമയമായിട്ടും വലിയ കുറവ് നേരിടുന്നതാതി കച്ചവടക്കാര്‍ പറയുന്നു. തെങ്ങിന്റെ മച്ചിങ്ങയും കൊഴിഞ്ഞു തുടങ്ങി. നനച്ചു കൊടുക്കുന്ന തെങ്ങുകളില്‍ മാത്രമാണ് തേങ്ങ പിടിക്കുന്നത്.

ആശ്വാസം വേനല്‍ മഴ മാത്രം

വേനല്‍ മഴ ലഭിക്കുമ്പോഴാണ് കപ്പ, ചേന, കാച്ചില്‍ തുടങ്ങിയ നടുതല കൃഷികള്‍ നടുന്നത്. എന്നാല്‍, ഇത്തവണ വേനല്‍മഴ ലഭിക്കാതെ വന്നതിനാല്‍ നടുതല കൃഷികള്‍ നടാന്‍ കഴിഞ്ഞിട്ടില്ല. വേനല്‍ മഴ കിട്ടിയാല്‍ ഒരു പരിധി വരെ ആശ്വാസം കിട്ടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഈ സമയങ്ങളില്‍ രണ്ടു മൂന്ന് മഴയെങ്കിലും കിട്ടേണ്ടതാണ്. എന്നാല്‍ വേനല്‍ നീണ്ട് നിന്നേക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ അഭിപ്രായം. ഇങ്ങനെ വന്നാല്‍ എങ്ങനെ പ്രതിരോധിക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക. ഇനിയും മഴ നീണ്ടാല്‍ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാകും.

Related Articles

Back to top button
error: Content is protected !!