ChuttuvattomThodupuzha

ചൂടിനു ശമനമില്ലാതെ മലയോര ജില്ല ; വേനല്‍ മഴയില്‍ 92 ശതമാനത്തിന്റെ കുറവ്

തൊടുപുഴ : കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചെങ്കിലും ചൂടിനു ശമനമില്ലാതെ മലയോര ജില്ല. ശക്തമായ പകല്‍ച്ചൂട് അനുഭവപ്പെടുന്നതിനാല്‍ പല മേഖലകളിലും ശുദ്ധ ജലക്ഷാമം രൂക്ഷമായി. പെരിയാര്‍ ഉള്‍പ്പെടെ ജില്ലയിലെ പ്രധാന ശുദ്ധജല സ്രോതസുകളിലും നീരൊഴുക്കു നിലച്ച നിലയിലായി. ഇതോടെ പല ശുദ്ധ ജലസംഭരണികളിലും ജല നിരപ്പ് താഴ്ന്നു. ജലക്ഷാമം രൂക്ഷമായതോടെ ഏറെദൂരം സഞ്ചരിച്ച് തലച്ചുമടായും മറ്റുമാണ് പല മേഖലയിലും ആളുകള്‍ വെള്ളം എത്തിക്കുന്നത്. ഇതിനു പുറമെ വാഹനങ്ങളില്‍ എത്തിക്കുന്ന വെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയുമുണ്ട്.

പെരിയാറ്റില്‍ നീരൊഴുക്ക് കുറഞ്ഞതോടെ പാറകള്‍ തെളിഞ്ഞ് ജലം കുഴികളില്‍ കെട്ടിക്കിടക്കുന്ന നിലയിലാണ്. മറ്റു പുഴകളുടെയും തോടുകളുടെയും അവസ്ഥ ഇതു തന്നെയാണ്. ചൂടു നീണ്ടു നിന്നാല്‍ ജല സ്രോതസുകള്‍ എല്ലാം തന്നെ പൂര്‍ണമായും വരണ്ടുണങ്ങും. കിണറുകളിലും കുളങ്ങളിലും വലിയ തോതില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 92 ശതമാനം കുറവ് വേനല്‍മഴയാണ് ഇത്തവണ ജില്ലയില്‍ ലഭിച്ചത്.
കൊടും വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷിക വിളകള്‍ വ്യാപകമായി കരിഞ്ഞുണങ്ങുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജില്ലയില്‍ ഏലച്ചെടികള്‍ നല്ലൊരു ശതമാനം ഇതിനോടകം തന്നെ കരിഞ്ഞുണങ്ങി കഴിഞ്ഞു.

ചിലയിടങ്ങലില്‍ വേനല്‍ മഴ ലഭിച്ചെങ്കിലും അത് കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. പ്രധാന ഏലം ഉത്പാദന മേഖലകളിലെല്ലാം തന്നെ ഇതിനോടകം ഏലത്തോട്ടങ്ങള്‍ ഉണങ്ങി കരിഞ്ഞു. പല ഏലം കര്‍ഷകര്‍ക്കും വലിയ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിനു പുറമെ വാഴ, കപ്പ, പച്ചക്കറികള്‍, തെങ്ങ്, കമുക്, ജാതി, കുരുമുളക്, കൊക്കോ തുടങ്ങിയ കൃഷികളും ഉണങ്ങി നശിച്ചു. ജലക്ഷാമം രൂക്ഷമായതിനാല്‍ കരിഞ്ഞു തുടങ്ങിയ കൃഷി നനയ്ക്കാനും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാര്യമായ തോതില്‍ വേനല്‍ മഴ ലഭിക്കാത്തതിനാല്‍ തന്നാണ്ട് വിളകള്‍ കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ക്ഷീര മേഖലയെയും വേനല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാലുല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പശുക്കള്‍ക്ക് കൊടുക്കുന്ന പച്ചപ്പുല്ലിന് ക്ഷാമം നേരിടുന്നതിനാല്‍ മറ്റ് കാലി തീറ്റകള്‍ കൂടുതലായി കൊടുക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. കാലിത്തീറ്റയ്ക്കും വൈക്കോലിനും വില കൂടിയതിനാല്‍ ഇവ പശുക്കള്‍ക്ക് കൊടുക്കുന്നതും മൂലം കര്‍ഷകര്‍ക്ക് അധിക സാമ്പത്തിക ഭാരമാണ് ഉണ്ടാകുന്നത്.

 

Related Articles

Back to top button
error: Content is protected !!