ChuttuvattomThodupuzha

കേരള മോഡല്‍ എന്നത് ഭംഗിവാക്കല്ല മറിച്ചു വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേരളത്തിനുള്ള അംഗീകാരം: കെഎന്‍ ബാലഗോപാല്‍

തൊടുപുഴ: യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ ‘കേരള മോഡല്‍ ‘ എന്നൊരു വാക്കുണ്ടെന്നാണ് പ്രശസ്ത സാമ്പത്തിക വിദഗ്ധനായ റോബിന്‍ ജെഫ്രി പറഞ്ഞത്. അത് വെറുമൊരു ഭംഗിവാക്കല്ല മറിച്ച് നാനാ തുറകളിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് എന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍.തൊടുപുഴ ഗാന്ധി സ്‌ക്വയര്‍ മൈതാനത്ത് നവകേരള സദസ്സ് തൊടുപുഴ നിയോജകമണ്ഡല സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.

ലോകത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ അതിന്റെ എല്ലാവിധ ഭരണസംവിധാനങ്ങളോടൊപ്പം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത്. ജനക്ഷേമം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ദതികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രമല്ല ഇനി വിഭാവന ചെയ്യേണ്ടുന്ന പദ്ദതികള്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് മനസിലാക്കാന്‍ കൂടി നടത്തുന്ന നവ കേരള സദസ്സ് ലോകത്തിനു തന്നെ മാതൃകയാണ്. അതിന്റെ വിജയം സാക്ഷ്യപെടുത്തുന്നതാണ് ഓരോ വേദികളിലേക്കും ഒഴുകിയെത്തുന്ന ജനങ്ങള്‍. 1892 ല്‍ കേരളം ഭ്രാന്താലയമാണെന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദന്റെ നാട്ടുകാരന്‍ തന്നെ ആയ അമര്‍ത്യ സെന്‍ 130 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കേരളമോഡല്‍ ലോകത്തിനു മുന്നില്‍ ഒരു മാതൃകയാണ് എന്ന് വിശേഷിപ്പിച്ചത് കേരളം കൈവരിച്ച നേട്ടങ്ങളെ അടിവരയിടുന്നു .

ആളോഹരി വരുമാനത്തില്‍ ഇന്ത്യയില്‍ തന്നെ മുന്നില്‍ ഉള്ള അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്ന് കേരളം ആണ്. ബി എം ബി സി നിലവാരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന റോഡുകളാണ് സംസ്ഥാനത്ത് ഉടനീളം. മലയോര ഹൈവേയുടെ നിര്‍മാണം അവസാനഘട്ടത്തില്‍ ആണ്.പുതിയ എയര്‍ പോര്‍ട്ടുകള്‍, എയര്‍ സ്ട്രിപ്പുകള്‍ എന്നിവ പരിഗണനയില്‍ ആണ്. സംസ്ഥാനത്ത് ഉടനീളം 25 നഴ്‌സിംഗ് കോളേജുകള്‍ അനുവദിച്ചു അതില്‍ പതിനാറെണ്ണം ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് ഉടനീളം ആയിരത്തില്‍ അധികം തസ്തികള്‍ സൃഷ്ടിച്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. 31000 ടണ്‍ ഭാര ശേഷിയുള്ള കപ്പലുകള്‍ അടുക്കുവാന്‍ സാധിക്കുന്ന തുറമുഖം ആയ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം തുടങ്ങി ആദ്യ കപ്പല്‍ തീരമണഞ്ഞു . കേരളത്തിന്റെ ഭാവിയുടെ ദിശ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നതാവും ഈ തുറമുഖം.കേരളത്തിലെ ചെറുഗ്രാമങ്ങളില്‍ 120 പേര്‍ക്ക് ജോലി ചെയ്യാവുന്ന ചെറു ഐ ടി പാര്‍ക്കുകള്‍ മുതല്‍ പെരിന്തല്‍മണ്ണയില്‍ 8000 കോടി വിപണി മൂല്യം ഉള്ള’ ഓപ്പണ്‍ ‘ എന്ന സ്ഥാപനം വരെ ഉണ്ടാകുന്നത് സാമ്പത്തിക -തൊഴില്‍ മേഖലയില്‍ കേരളത്തിന്റെ കുതിച്ചു ചാട്ടത്തിനു ആക്കം കൂട്ടുന്നു.

ക്രമസമാധാന പരിപാലനവും മികച്ച ഭൗതിക സാഹചര്യങ്ങളും യാത്ര സൗകര്യങ്ങളും കൂടുതല്‍ നിക്ഷേപകരെ കേരളത്തിലേക്ക് എത്തിക്കുന്നു. രാജ്യന്തര പുരസ്‌കാരങ്ങള്‍ വ്യവസായ മേഖലയ്ക് കേരളത്തെ തേടി എത്തുന്നത് ഈ മേഖലയില്‍ കേരളം എത്രത്തോളം മുന്നില്‍ ആണ് എന്നതിന്റെ നേര്‍ സാക്ഷ്യമാണ്.
1515 കോടി ചിലവില്‍ ഏഷ്യയില്‍ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ആരംഭിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്.
വിദ്യാഭ്യാസം- ആരോഗ്യം- നിര്‍മ്മാണ മേഖലകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കുന്നതാണ് സര്‍ക്കാര്‍ നയം എന്ന് അദ്ദേഹം പറഞ്ഞു.

അര്‍ഹതപ്പെട്ട കേന്ദ്ര വിഹിതങ്ങള്‍ ലഭിക്കാത്ത കാലത്താണ് ഇത്രയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നുള്ളത് സാധാരണക്കാര്‍ക്ക് മുന്നിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം നവകേരള സദസ്സിലൂടെ സാധ്യമാകുന്നു. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത മുന്നോട്ട് പോകാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!