IdukkiLocal Live

കെ ജി എം ഒ എ 57-ാം സംസ്ഥാന സമ്മേളനം 20 മുതല്‍

ഇടുക്കി: കെ ജി എം ഒ എ സംഘടനയുടെ 57-ാം സംസ്ഥാന സമ്മേളനം ജനുവരി 20, 21 തീയതികളില്‍ ഇടുക്കിയില്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുകയും വരും വര്‍ഷം ഏറ്റെടുക്കേണ്ട വിവിധ വിഷയങ്ങളെയും പ്രവര്‍ത്തനങ്ങളെയും പറ്റി വ്യക്തമായ രൂപരേഖയുണ്ടാക്കുകയും ചെയ്യുക എന്നതാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യം.മൂന്നാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം ശനിയാഴ്ച്ച, മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.റീന വിശിഷ്ടാതിഥിയായിരിക്കും. ആദ്യ ദിവസം വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ തുടര്‍ വിദ്യാഭ്യാസ പരിപാടിയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അമൃതകിരണം മെഡി ഐക്യു ക്വിസ് മത്സരത്തിന്റെ സംസ്ഥാനതല ഫൈനല്‍ മത്സരവും നടക്കും. സമ്മേളനത്തോടനുബന്ധിച്ച് വാര്‍ഷിക ജനറല്‍ബോഡി യോഗവും ചേരും.

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പൊതുപരിപാടിയുടെ ഉദ്ഘാടനവും ഞായറാഴ്ച 2ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് മുഖ്യാതിഥി ആയിരിക്കും. ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനാവന്‍, കെ ജി എം സി ടി എ സംസ്ഥാന പ്രസിഡന്റ് ഡോ.റോസിനാര ബീഗം, കെ ജി ഐ എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. വിനോദ് പി.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യ വകുപ്പിലെ വിവിധ കേഡറുകളില്‍പ്പെടുന്ന പ്രതിനിധികള്‍ രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമാവുമെന്ന് സംഘടന പ്രസിഡന്റ് ഡോ. ടി.എന്‍ . സുരേഷ്, ജനറല്‍ സെക്രട്ടറി ഡോ. പി.കെ. സുനില്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!