ChuttuvattomThodupuzha

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പരിഷ്‌കാരങ്ങളുമായി കെഎസ്ആര്‍ടിസി ; സര്‍വീസ് വൈകിയാല്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും

തിരുവനന്തപുരം : യാത്രക്കാര്‍ക്ക് കൂടുതല്‍ ആശ്വാസകരമായ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പരിഷ്‌കാരങ്ങളുമായി കെഎസ്ആര്‍ടിസി . നിലവിലുള്ള റീഫണ്ട് നിയമങ്ങള്‍ക്കു പുറമെ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പോളിസി പരിഷ്‌കരിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം പങ്കുവച്ചത്.

പുതിയ മാറ്റങ്ങള്‍ ഇങ്ങനെ :

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സേവനദാതാവ് മൂലമുണ്ടാകുന്ന സാങ്കേതികപിഴവുകള്‍ക്ക് സേവനദാതാവില്‍ നിന്നുതന്നെ പിഴ ഈടാക്കി തുക യാത്രക്കാര്‍ക്ക് നല്‍കും. സര്‍വീസ് റദ്ദാക്കല്‍ മൂലമുള്ള റീഫണ്ടുകള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ തിരികെ യാത്രക്കാര്‍ക്കു നല്‍കും. (റീഫണ്ട് തുക നിലവിലെ ബാങ്കിംഗ് നിയമങ്ങള്‍ക്ക് വിധേയമായി അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും) വാഹനത്തില്‍ തകരാര്‍/അപകടം/മറ്റെന്തെങ്കിലും കാരണങ്ങളാല്‍ നിശ്ചിത ദൂരത്തേക്ക് സര്‍വീസ് നടത്താതെ വന്നാല്‍ രണ്ടു ദിവത്തിനുള്ളില്‍ തന്നെ റീഫണ്ട് ചെയ്യും. ഇതിന് ആവശ്യമായ രേഖകള്‍ ഇന്‍സ്പെക്ടര്‍/ബന്ധപ്പെട്ട ഇദ്യോഗസ്ഥര്‍ ഐ.ടി ഡിവിഷനില്‍ കാലതാമസം കൂടാതെ നല്‍കണം. റീഫണ്ട് നല്‍കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജാരാക്കുന്നതിലോ രേഖകള്‍ ലഭിച്ചതിനുശേഷം റീഫണ്ട് നല്‍കുന്നതിലോ ഉദ്യോഗസ്ഥരില്‍നിന്നു കാലതാമസം നേരിട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നു പിഴയായി തുക ഈടാക്കും. രണ്ട് മണിക്കൂറിലധികം വൈകി സര്‍വീസ് പുറപ്പെടുകയോ സര്‍വീസ് നടത്താത്ത സാഹചര്യമോ ഉണ്ടായാല്‍ യാത്രക്കാരന്‍ യാത്ര ചെയ്തിട്ടില്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെനല്‍കും.

റിസര്‍വേഷന്‍ സോഫ്‌റ്റ്വെയറിന്റെ സാങ്കേതിക തകരാര്‍ കാരണം ട്രിപ്പ് ഷീറ്റില്‍ ടിക്കറ്റ് വിശദാംശങ്ങള്‍ കാണാത്ത സാഹചര്യം ഉണ്ടായാല്‍ യാത്രക്കാരന്‍ യാത്ര ചെയ്തിട്ടില്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെനല്‍കും. നിശ്ചിത പിക്കപ്പ് പോയിന്റില്‍നിന്ന് യാത്രക്കാരനെ ബസ്സില്‍ കയറ്റിയില്ലെങ്കില്‍ ഈ ക്ലൈമിന് കെഎസ്ആര്‍ടിസി ഉത്തരവാദി ആണെങ്കില്‍ മുഴുവന്‍ തുകയും യാത്രക്കാരന് തിരികെ നല്‍കും ഷെഡ്യൂള്‍ ചെയ്ത ഉയര്‍ന്ന ക്ലാസ് സര്‍വീസിന് പകരം ലോവര്‍ ക്ലാസ് സര്‍വീസ് ഉപയോഗിച്ചാണ് യാത്രക്കാര്‍ യാത്ര ചെയ്തതെങ്കില്‍ യാത്രാനിരക്കിലെ വ്യത്യാസം തിരികെനല്‍കും.

യാത്രയ്ക്കിടെ ക്ലൈമിന്റെ പ്രൂഫ് ഹാജരാക്കാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ മൊബൈല്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ഇടിഎം ടിക്കറ്റ് വാങ്ങി യാത്രക്കാരന്‍ ഇതേ ബസ്സില്‍ യാത്ര ചെയ്തിരിക്കണമെന്ന നിബന്ധനയ്ക്ക് വിധേയമായി അടിസ്ഥാനനിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും. ഇടിഎം ടിക്കറ്റിന്റെ പകര്‍പ്പ് നിര്‍ബന്ധമാണ്. യാത്രക്കാരന്‍ യാത്ര ചെയ്തിട്ടില്ലെങ്കില്‍ റീഫണ്ട് അനുവദിക്കില്ല. നിലവിലെ റിസര്‍വേഷന്‍ പോളിസിയിലുള്ള ന്യൂനതകള്‍ പരിഹരിക്കുന്നതിനായി കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയുടെ ഫലമായാണ് യാത്രക്കാര്‍ക്ക് ഗുണകരമായ രീതിയില്‍ ടിക്കറ്റ് റിസര്‍വേഷന്‍ പോളിസി വിപുലീകരിച്ചത്. ഓണ്‍ലൈന്‍ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും പരാതിള്‍ക്കും [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം.

 

 

Related Articles

Back to top button
error: Content is protected !!