ChuttuvattomThodupuzha

കുമാരമംഗലം, നാഗപ്പുഴ മേഖലയില്‍ ശക്തമായ കൊടുങ്കാറ്റില്‍ വ്യാപക നാശം

തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിലെ 4, 5 വാര്‍ഡുകളിലും നാഗപ്പുഴയിലുമുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ വ്യാപക നാശം. നിരവധി വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. പലയിടത്തും റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി വീണു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു മഴയ്‌ക്കൊപ്പം ഒരു മിനിട്ടില്‍ താഴെ മാത്രം നേരം നീണ്ടുനിന്ന ശക്തമായ കാറ്റ് ആഞ്ഞ് വീശിയത്. തൊടുപുഴ- ഏഴല്ലൂര്‍ റോഡില്‍ കറുക ഭാഗത്ത് രണ്ടിടങ്ങളിലായി വലിയ രണ്ട് മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. പിന്നീട് തൊടുപുഴയില്‍ അഗ്‌നിരക്ഷാ സേനയെത്തിയാണ് ഇവ വെട്ടിമാറ്റിയത്. കുമാരമംഗലം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പെരുമ്പിള്ളിച്ചിറ- കറുക റോഡിന് ഇരുവശമുള്ള മരങ്ങള്‍ വന്‍തോതില്‍ കടപുഴകി. കൊണ്ടൂര്‍ ജോര്‍ജ്ജിന്റെ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ഓട് പാതിയും കാറ്റില്‍ പറന്നു പോയി. തൊട്ടടുത്ത പുരയിടത്തിലെ ആഞ്ഞിലി മരം മതിലിനും ഗേറ്റിനും മുകളിലേക്ക് വീണു.

പുരയിടത്തിലെ പുളിമരവും കടപുഴകി  വീണു. ആനിക്കുഴിയില്‍ ജോര്‍ജ്ജ് വര്‍ക്കിയുടെ വീടിന് മുകളിലേക്ക് തേക്ക്, ആഞ്ഞിലി, റബര്‍ മരങ്ങള്‍ വീണു. കാര്‍ ഷെഡ് പൂര്‍ണമായും തകര്‍ന്നെങ്കിലും കാറിന് കേടുപാടുകളില്ല. വീട്ടിലെ വാട്ടര്‍ ടാങ്ക് പൊട്ടിപ്പോയി. മേല്‍ക്കൂരയില്‍ ഓടുള്ള ഭാഗം തകര്‍ന്നു. ഭാഗ്യത്തിന് കുടുംബാംഗങ്ങള്‍ പരുക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. വില്ലേജ് ഓഫീസറായ കറുക മണക്കയത്തില്‍ ഫസലുദ്ദീന്റെ വീടിന്റെ മേല്‍ക്കൂരയും റബര്‍ മരം വീണ് തകര്‍ന്നു. തൊട്ടടുത്ത് താമസിക്കുന്ന സഹോദരന് എം.എച്ച്. മുനീറിന്റെ വീടിന് മുകളിലേക്കും മരം കടപുഴകി വീണു. തൊടുപുഴ ഫയര്‍ഫോഴ്‌സില്‍ നിന്നുള്ള മൂന്ന് ടീമുകളുടെ നേതൃത്വത്തിലാണ് മരങ്ങള്‍ മുറിച്ചുനീക്കിയത്. ഇതുപോലെ കൊതകുത്തി അണ്ണാമലൈ ക്ഷേത്രത്തിന് സമീപം റോഡിലേക്ക് മരം വീണു ഗതാഗത തടസമുണ്ടായി. ഉരിയിരിക്കുന്ന്, മടക്കത്താനം, നാഗപ്പുഴ എന്നിവിടങ്ങളിലും റോഡിലേക്ക് മരം വീണു ഗതാഗത തടസമുണ്ടായി. മടക്കത്താനത്ത് മൂവാറ്റുപുഴയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയും നാഗപ്പുഴയില്‍ കല്ലൂര്‍ക്കാട് നിന്നുള്ള അഗ്‌നി രക്ഷാസേനയും എത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.

Related Articles

Back to top button
error: Content is protected !!