ChuttuvattomThodupuzha

എം.ജിനദേവന്‍ സ്മാരക പുരസ്‌കാരം എം.എം.മണിക്ക്

തൊടുപുഴ : എം ജിനദേവന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സ. എം ജിനദേവന്‍ സ്മാരക പുരസ്‌കാരം ഉടുമ്പന്‍ചോല എംഎല്‍എ എം.എം മണിക്ക്. ഇടുക്കി ജില്ലയിലെ രാഷ്ട്രീയ-സാമൂഹ്യ വികസന രംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണിത്. അര ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജിനദേവന്റെ 30 -ാം ചരമ വാര്‍ഷിക ദിനമായ ജൂണ്‍ 12 ന് വൈകിട്ട് 4 ന് തൊടുപുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സമര്‍പ്പിക്കും.

കേരളത്തിലെ മലയോര കാര്‍ഷിക ജില്ലയായ ഇടുക്കി രൂപം കൊണ്ട 1972 മുതലുള്ള രാഷ്ട്രീയ ചരിത്രത്തില്‍, ഇടുക്കിയുടെ രാഷ്ട്രീയ ഭൂമികയില്‍ നിന്നുയര്‍ന്ന് കേരളമൊട്ടാകെ സ്വാധീനം ചെലുത്തുന്ന ഒരു രാഷ്ട്രീയക്കാരനായി മാറിയ വ്യക്തിത്വമാണ് എം.എം മണിയെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍, അവരിലൊരാളായി നിലകൊണ്ട് പരിഹാരങ്ങള്‍ക്ക് ശ്രമിക്കുന്ന മലയോര ജനതയുടെ മണിയാശാന്‍ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന് അതിശക്തമായ വേരോട്ടമുള്ള മണ്ണാക്കി ഇടുക്കിയെ മാറ്റി. കേരളത്തിന്റെ വൈദ്യുതി വകുപ്പ് മന്ത്രിയായി ഭരണമികവ് തെളിയിച്ച അദ്ദേഹം ജനങ്ങളുടെ വിളിപ്പുറത്തുണ്ട്.

സിപിഐ എം ന്റെ ജില്ലയിലെ മുതിര്‍ന്ന നേതാവായിരിക്കെ, 1994 ല്‍ അകാലത്തില്‍ വിടപറഞ്ഞ എം ജിനദേവന്റെ സഹപ്രവര്‍ത്തകനായിരുന്നു മണിയാശാന്‍. ജിനദേവന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയാദര്‍ശങ്ങള്‍ക്കായി, തന്റെജീവിതകാലമാകെ നിരന്തരം പോരാടി കൊണ്ടിരിക്കുന്ന വ്യക്തിയാണ് എം.എം മണിയെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!