ChuttuvattomThodupuzha

യുവാക്കളടക്കം നിരവധിയാളുകള്‍ മരണപ്പെട്ടു; അപകടക്കെണിയായി തൊടുപുഴ – മൂവാറ്റുപുഴ റോഡ്

തൊടുപുഴ: അപകടക്കെണിയായി മാറി തൊടുപുഴ – മൂവാറ്റുപുഴ റോഡ്. തൊടുപുഴക്കും വാഴക്കുളത്തിനും ഇടയിലാണ് അപകടങ്ങളില്‍ ഭൂരിഭാഗവുമുണ്ടാകുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന വലുതും ചെറുതുമായ അപകടങ്ങളില്‍ യുവാക്കളടക്കം നിരവധിയാളുകള്‍ ഇതിനോടകം മരിച്ചു. വാഹനങ്ങളുടെ അമിത വേഗത മുതല്‍ റോഡിന്റെ അലൈന്‍മെന്റ് വരെ അപകടത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇടുക്കി – എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്നതുമായ തൊടുപുഴ – മൂവാറ്റുപുഴ റോഡ് അപകടക്കെണിയായി മാറിയിട്ട് നാളുകളേറെയായി. തൊടുപുഴ വെങ്ങല്ലൂര്‍ മുതല്‍ വാഴക്കുളം വരെയുള്ള ഭാഗത്താണ് അപകടങ്ങളില്‍ ഭൂരിഭാഗവും ഉണ്ടാകുന്നത്. ആഴ്ച്ചയില്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് എന്ന തോതില്‍ ചെറുതും വലുതുമായ അപകടങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. റോഡ് അലൈന്‍മെന്റിലെ അപാകത അപകടങ്ങള്‍ക്ക് പ്രധാന കാരണമായി മാറിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാതയില്‍ കിലോമീറ്ററുകളോളം ദൂരം നേര്‍രേഖ പോലെയാണ് കിടക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി അപ്രതീക്ഷിത വളവുകളുമുണ്ട്. ഇതില്‍ ചിലത് എതിര്‍ ദിശയിലെ കാഴ്ച്ച മറയ്ക്കും വിധമുള്ളതാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. പലപ്പോഴും നേര്‍രേഖയില്‍ വരുന്ന വാഹനങ്ങള്‍ ഇത്തരം വളവുകളില്‍ നിയന്ത്രിക്കാനാവാതെ വരുന്നത് അപകട കാരണമായി മാറുന്നുണ്ട്. ഇതിന് പുറമേ രാത്രി കാലങ്ങളില്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ അമിത വേഗവും അപകടത്തിന് ഇടയാക്കുന്നുണ്ട്.

അപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. ഗുരുതരമായി പരുക്കേല്‍ക്കുന്നവരുടെ എണ്ണവും ഒട്ടനവധിയാണ്. രാത്രി കാലങ്ങളില്‍ ഇവിടെ പോലീസ് പരിശോധന കുറവാണെന്നും പറയപ്പെടുന്നു. വെങ്ങല്ലൂര്‍, അച്ചന്‍ കവല ഉള്‍പ്പെടെയുള്ള ഭാഗം തൊടുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയാണ്. തുടര്‍ന്ന് വാഴക്കുളം, മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയും. ഒരാഴ്ച്ച മുമ്പ് മടക്കത്താനത്തിന് സമീപം രാത്രയില്‍ കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരനായ യുവാവ് മരണപ്പെട്ടിരുന്നു. ഡ്രൈവറടക്കം കാറില്‍ ഉണ്ടായിരുന്ന എല്ലാവരും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് യുവാവിനെ അതേ കാറില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഡ്രൈവറടക്കം എല്ലാവരും സ്ഥലത്ത് നിന്നും മുങ്ങി. തിങ്കളാഴ്ച്ച രാത്രിയില്‍ ബൈക്ക് യാത്രികനായ യുവാവ് പിക്ക് അപ് വാനിടിച്ച് മരണപ്പെട്ടു. വാനില്‍ ഉണ്ടായിരുന്നവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായി പറയുന്നത്. ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ക്ക് പ്രധാന കാരണം ഡ്രൈവിങ്ങിനിടയിലുള്ള മദ്യപാനവും ഉറക്കവും അമിതവേഗതയുമാണ്. രാത്രികാല പരിശോധന കര്‍ശനമാക്കുന്നതോടൊപ്പം അപകടമേഖല അടയാളപ്പെടുത്തി പ്രത്യേക മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.

Related Articles

Back to top button
error: Content is protected !!