ChuttuvattomThodupuzha

മാത്യു കുഴല്‍നാടന്‍ ദുരൂഹതയുടെ ആള്‍രൂപം : സി.വി.വര്‍ഗീസ്

തൊടുപുഴ : ദുരൂഹതയുടെ ആള്‍രൂപമാണ് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് . മാന്യതയുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ഭൂമി വിട്ടുകൊടുക്കാന്‍ മാത്യു തയ്യാറാകണമെന്നും സി.വി.വര്‍ഗീസ് പറഞ്ഞു.
ഹോം സ്റ്റേ ആണ് നടത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഹോം സ്റ്റേ നടത്തണമെങ്കില്‍ ഹോം സ്റ്റേയുടെ ഉടമസ്ഥര്‍ അവിടെ താമസിക്കുന്നവരാകണം. ഹോം സ്റ്റേയ്ക്കുള്ള ലൈസന്‍സാണ് മാത്യു എടുത്തിരിക്കുന്നത്. എന്നിട്ടാണ് അദ്ദേഹം റിസോര്‍ട്ട് നടത്തുന്നത്. എല്ലാം കൊണ്ടും മാത്യു കുഴല്‍നാടന്‍ ദുരൂഹതയുടെ ആളാണെന്ന് സി.വി വര്‍ഗീസ് പറഞ്ഞു. ചിന്നക്കനാലില്‍ 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നു ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് എംഎല്‍എയ്ക്കെതിരെ കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സി.വി.വര്‍ഗീസിന്റെ രൂക്ഷപ്രതികരണം.

മാത്യു കുഴല്‍നാടന്റെ സമ്പത്തിന്റെ ഉറവിടം എന്താണെന്നും ഇടുക്കി ജില്ലയിലെ ജനങ്ങളെ ഒറ്റുകൊടുത്ത് ഉണ്ടാക്കിയ സമ്പത്താണ് അദ്ദേഹത്തിന് ഉള്ളതെന്നും സി.വി വര്‍ഗീസ് കുറ്റപ്പെടുത്തി. ലൈസന്‍സ് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് മാത്യു കുഴല്‍നാടന്‍ അഞ്ചുകോടി വാങ്ങിയെന്നു ഒരു പാറമടക്കാരന്‍ പറഞ്ഞു. ഇടുക്കി ജില്ലയിലെ ജനതയെ ഒരു നല്ല കറവപ്പശുവായി അദ്ദേഹം ഉപയോഗിച്ചു. അതിന്റെ ഭാഗമായി ഭൂമി വാങ്ങി. മാന്യതയുണ്ടെങ്കില്‍ ഭൂമി വിട്ടുനല്‍കണം. ഒരു സാധാരണ മനുഷ്യന്‍ ഭൂമി വാങ്ങിയാല്‍ അതിന്റെ അതിരുകള്‍ തിട്ടപ്പെടുത്തും. അതു മാത്യു കുഴല്‍നാടനും ബാധകമാണ്. കളവിന്റെ ആള്‍രൂപമാണ് മാത്യു കുഴല്‍നാടന്‍. ആ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതരായ ആളുകള്‍ക്ക് കൊടുക്കണെമന്ന് സി.വി.വര്‍ഗീസ് പറഞ്ഞു. വിദേശത്ത് 10 കമ്പനികള്‍ മാത്യു കുഴല്‍നാടന് ഉണ്ട്. ഒരു അഭിഭാഷകന്‍ വക്കീല്‍ ജോലിക്കിടയില്‍ സമാന്തരമായി മറ്റൊരു ബിസിനസ് നടത്താന്‍ പാടില്ല. ഇത് മാത്യു കുഴല്‍നാടന് ബാധകമല്ലേയെന്നും സി.വി.വര്‍ഗീസ് ചോദിച്ചു.

മാത്യു കുഴല്‍നാടന്റെ ഉടമസ്ഥതയില്‍ ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന എറ്റേര്‍നോ കപ്പിത്താന്‍ റിസോര്‍ട്ടിനോടു ചേര്‍ന്ന് 50 സെന്റ് ഭൂമി കയ്യേറിയെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. ഈ 50 സെന്റ് സര്‍ക്കാര്‍ ഭൂമി തിരികെപ്പിടിക്കാന്‍ ഇടുക്കി കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പന്‍ചോല ഭൂരേഖാ തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കളക്ടറുടെ നടപടി. ഇതിനിടെയാണ് ഭൂമി കയ്യേറ്റത്തില്‍ കേസും രജിസ്റ്റര്‍ ചെയ്തത്.

Related Articles

Back to top button
error: Content is protected !!