ChuttuvattomThodupuzha

മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു

തൊടുപുഴ: മാലിന്യ നിര്‍മാര്‍ജ്ജനം വ്യാപാരികളുടെ മാത്രം ഉത്തരവാദിത്തമായി കണ്ട് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുന്നതിനെതിരെ തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ  സംഘടിപ്പിച്ചു. വ്യാപാരസ്ഥാപനങ്ങളില്‍ മൂന്ന് വ്യത്യസ്ത തരം ബിന്നുകള്‍ സ്ഥാപിച്ച് കച്ചവട സ്ഥാപനങ്ങളില്‍ ഇടപാട് നടത്താത്തവരുടെ ഉള്‍പ്പെടെ മാലിന്യം വ്യാപാരികള്‍ സ്വീകരിക്കണമെന്നുള്ള നിലപാടും യുക്തിക്ക് നിരക്കാത്ത നിബന്ധനകളും അടങ്ങിയ പുതിയ മാലിന്യ നിര്‍മ്മാര്‍ജ്ജന നിയമവുമാണ് പ്രതിഷേധത്തിന് കാരണം. തൊടുപുഴ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. വേണ്ടത്ര ആലോചനകളും മുന്നൊരുക്കങ്ങളും ഇല്ലാതെ വ്യാപാരികളെ മാലിന്യം സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്ന ഉദ്യോഗസ്ഥര്‍ മാലിന്യം എങ്ങനെ സംസ്‌കരിക്കും എന്നും കൂടി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കച്ചവടസ്ഥാപനങ്ങള്‍ മാലിന്യവാഹിനികളാക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനത്തോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച വ്യാപാരികളെ ദ്രോഹിക്കരുതെന്നും അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ പറഞ്ഞു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജി പോള്‍, ട്രഷറര്‍ കെ.എച്ച്. കനി, കെ. വിജയന്‍, സി.ജെ. ജെയിംസ്, വേണു ഇ.എ.പി, സി.കെ. അബ്ദുള്‍ ഷെരീഫ്, പ്രശാന്ത് കുട്ടപ്പാസ്, താജു എം.ബി, യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് രവി, പട്ടയംകവല യൂണിറ്റ് ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!