ChuttuvattomThodupuzha

ഇടുക്കി ഒരു മിടുക്കി പദ്ധതിയുമായി സഹകരിച്ച് ചലച്ചിത്ര താരം മോഹന്‍ലാല്‍

തൊടുപുഴ : വിവിധ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ( സിഎസ്ആര്‍ ) ഫണ്ട് പ്രോയോജനപ്പെടുത്തി ഇടുക്കി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഇടുക്കി ഒരു മിടുക്കി പദ്ധതിയുമായി തുടര്‍ന്നും സഹകരിക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. വയോജനങ്ങള്‍ക്കുള്ള ഡയപ്പറുകള്‍ , അഞ്ചുരുളിയില്‍ തയ്യാറാക്കിയ ലൈബ്രറിയുടെ താക്കോല്‍ കൈമാറല്‍ എന്നിവ തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു നടന്‍. മോഹന്‍ലാല്‍ ചെയര്‍മാനായ വിശ്വശാന്തി ഫൗണ്ടേഷന്‍, ഇവൈജിഡിഎസ് എന്നിവര്‍ സംയുക്തമായിട്ടാണ് ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി സഹകരിക്കുന്നത്. വിവിധ എന്‍ജിഓ സ്ഥാപനങ്ങള്‍ , കോര്‍പറേറ്റ് മേഖല എന്നിവിടങ്ങളില്‍നിന്നുള്ള സഹായം ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിക്ക് തുടര്‍ന്നും ആവശ്യമുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ സിഎസ്ആര്‍ കോണ്‍ക്ലേവിനെ തുടര്‍ന്നാണ് ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ സഹകരിച്ചുതുടങ്ങുന്നത്. സ്‌കില്‍ ഡവലപ്പ്‌മെന്റ് , സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ , പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ ,ഗ്രാമീണ പഠന കേന്ദ്രങ്ങള്‍ ,മാനസിക ആരോഗ്യ പരിപാടികള്‍ , കരിയര്‍ ഗൈഡന്‍സ് , മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിവിധ മേഖലകളിലാണ് ഇടുക്കി ഒരു മിടുക്കി’ പദ്ധതി പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. പരിപാടിയില്‍ ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ , ഇ വൈ ജി ഡി എസ് ഹെഡ് വിനോദ് , വിശ്വശാന്തി മാനേജിംഗ് ഡയറക്ടര്‍ മേജര്‍ രവി , വിശ്വശാന്തി ഡയറക്ടര്‍ സജീവ് സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!