ChuttuvattomThodupuzha

നഗരസഭ കുടിവെള്ള പദ്ധതി : വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചതില്‍ ലക്ഷങ്ങളുടെ അഴിമതി ; പരാതിയുമായി പ്രദേശവാസികള്‍ രംഗത്ത്

തൊടുപുഴ : നഗരസഭ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാട്ടര്‍ ടാങ്ക് സ്ഥാപിച്ചതില്‍ ക്രമക്കേടും ലക്ഷങ്ങളുടെ അഴിമതിയും നടന്നതായി ആരോപണം. നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ 13-ാം വാര്‍ഡിലെ അണ്ണായിക്കണ്ണം ഭാഗത്തെ ഇരുന്നൂറോളം വീടുകളില്‍ കുടിവെള്ളം എത്തിക്കാനായി നഗരസഭ നടപ്പാക്കുന്ന പദ്ധതിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജലം ശേഖരിച്ച് വിതരണം ചെയ്യുന്നതിനായി പതിനായിരം ലിറ്റര്‍ വീതം സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ അടിത്തറ ഉള്‍പ്പെടെയുള്ള നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് നടന്നതായാണ് ആരോപണം. ബലവത്തായ കരിങ്കല്ലിന് പകരം സമീപത്തെ കയ്യാല പൊളിച്ചപ്പോള്‍ അവശിഷ്ടമായി ലഭിച്ച കല്ല് നിര്‍മ്മാണത്തിന് ഉപയോഗിച്ചുവെന്നതാണ് പ്രധാന ആക്ഷേപം.

പദ്ധതിയ്ക്കായി നഗരസഭയില്‍ നിന്ന് പത്ത് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. അശാസ്ത്രീയ നിര്‍മ്മാണം മൂലം ശക്തമായ മഴക്കാലത്ത് കല്‍ക്കെട്ട് തകരാനും വാട്ടര്‍ ടാങ്കുകള്‍ സമീപത്തെ വീടുകള്‍ക്ക് മുകളിലേക്ക് പതിക്കാനും സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അതേ സമയം തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മാണം നടത്തിയെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന തൊഴിലാളികളുടെ ശബ്ദ സന്ദേശം നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിജിലന്‍സിനും പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്. നിര്‍മ്മാണ സമയത്ത് തന്നെ അപകട സാധ്യത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അത് അവഗണിക്കുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. നഗരസഭാ എ.ഇയുടെ മേല്‍നോട്ടത്തില്‍ കരാറുകാരനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Related Articles

Back to top button
error: Content is protected !!