ChuttuvattomThodupuzha

നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി

തൊടുപുഴ: നഗരസഭ പരിധിയിലുള്ള വ്യാപാരസ്ഥാപനങ്ങളില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിനും ലൈസന്‍സ് ഇല്ലാതെ നഗരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍ക്കുന്നതിനുമായാണ് പരിശോധന നടത്തിയത്.20 വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹോട്ടല്‍, ബേക്കറി, മത്സ്യം, മാംസം, ഭക്ഷണസാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ചു വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

വരും ദിവസങ്ങളിലും സമാനമായ പരിശോധനകള്‍ ഉണ്ടാകുമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, സെക്രട്ടറി ബിജുമോന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു. പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നും 30 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, 60 പാക്കറ്റുകളിലായി പേപ്പര്‍ കപ്പുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, റൗണ്ട് ബൗളുകള്‍, ഐസ്‌ക്രീം ബൗളുകള്‍ എന്നിവ പിടിച്ചെടുത്തു. കൂടാതെ വെങ്ങല്ലൂര്‍ സിഗ്‌നല്‍ പടിഞ്ഞാറുവശത്ത് ലൈസന്‍സ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തില്‍ ഇറച്ചി വ്യാപാരം നടത്തിയ കടയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മീരാന്‍ കുഞ്ഞ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജോ മാത്യു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ദീപ പി.വി, എന്‍.എച്ച് പ്രജീഷ്‌കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!