ChuttuvattomThodupuzha

നാക് പുനര്‍അക്രഡിറ്റേഷന്‍ പ്രക്രിയ ; സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി തൊടുപുഴ ന്യൂമാന്‍ കോളേജ്

തൊടുപുഴ : വജ്ര ജൂബിലി നിറവില്‍ നില്‍ക്കുന്ന തൊടുപുഴ ന്യൂമാന്‍ കോളേജ് നാഷണല്‍ അസെസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) പുനര്‍അക്രഡിറ്റേഷന്‍ പ്രക്രിയയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 3.71 നേടി എ പ്ലസ് പ്ലസ് ഗ്രേഡ് സ്വന്തമാക്കിയതായി കോളേജ് അധികൃതര്‍ അറിയിച്ചു. ഇതോടെ അടുത്ത് അഞ്ച് വര്‍ഷത്തേക്ക് യുജിസിയുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും കൂടുതല്‍ ഗ്രാന്റുകളും പദ്ധതികളും കോളേജിന് ലഭിക്കും. ജില്ലയില്‍ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിക്കുന്ന ആദ്യ കോളേജാണ് ന്യൂമാന്‍. സ്ഥാപനത്തിന്റെ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ, സാമൂഹിക പ്രസക്തി, വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയിട്ടുള്ള സജ്ജീകരണങ്ങള്‍, പഠനാന്തരീക്ഷം, ഗവേഷണ രംഗത്തെ മികവ്, കലാകായിക മേഖലയിലെ നേട്ടങ്ങള്‍, പൂര്‍വ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ക്രിയാത്മക സംഭാവനകള്‍, എന്‍എസ്എസ്, എന്‍സിസി, വൂമന്‍സ് ഫോറം മുതലായവ അടങ്ങുന്ന വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി മേഖലകളാണ് നാക് ടീം വിലയിരുത്തിയത്.

പരിസ്ഥിതിക്ക് പ്രാധാന്യം കൊടുക്കുന്ന ക്യാമ്പസും സമൂഹത്തിന്റെ ആവശ്യങ്ങളോട് കാലാനുസൃതമായി പ്രതികരിക്കുന്ന നിലപാടുകളും വഴി ദേശീയതലത്തില്‍ ലഭിച്ച സ്വച്ഛഭാരത് അവാര്‍ഡ്, കോളേജ് സമൂഹം ഒരുമിച്ച് നേതൃത്വം നല്‍കുന്ന ഷെയര്‍ എ ബ്രെഡ് പദ്ധതിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം, ദേശീയ തലത്തില്‍ ലഭിച്ച സ്ട്രൈഡ് പദ്ധതി, ഹരിത ക്യാമ്പസ് അവാര്‍ഡ്, അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മികച്ച പ്രബന്ധങ്ങള്‍, സജീകൃതമായ ഇന്‍ഡോര്‍ സ്റ്റേഡിയം, എന്‍സിസിയുടെ ഒബ്സ്റ്റക്കിള്‍ പരിശീലന കേന്ദ്രം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, എന്‍എസ്എസ്- എന്‍സിസി ഭവന നിര്‍മ്മാണ പദ്ധതികള്‍ മുതലായവയെല്ലാം നാക് ടീമിന്റെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. 1964ല്‍ ആരംഭിച്ച ന്യൂമാന്‍ കോളേജ്  ഇന്ന് 2016 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജില്ലയിലെ എറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. 15 ബിരുദ കോഴ്സുകളും എട്ട് ബിരുദാനന്തര ബിരുദ കോഴ്സുകളും മൂന്ന് ഗവേഷണ കേന്ദ്രങ്ങളുമായി ഗുണമേന്മയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോളേജ് നേതൃത്വം വഹിക്കുന്നുണ്ട്. സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നത് കോതമംഗലം രൂപതയാണ്.

Related Articles

Back to top button
error: Content is protected !!