Local LiveVannappuram

അധികൃതരുടെ അനാസ്ഥ : ശ്രമദാനമായി റോഡ് ഗതാഗത യോഗ്യമാക്കി പ്രദേശവാസികള്‍

വണ്ണപ്പുറം: ഒരു പ്രദേശത്തിന്റെയാകെ പ്രതീക്ഷയായ റോഡ് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം ജലരേഖയായി തുടര്‍ന്നപ്പോള്‍ കല്ലും മണ്ണുമിട്ട് റോഡ് ഗതാഗത യോഗ്യമാക്കി പ്രദേശവാസികള്‍ . വണ്ണപ്പുറം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലൂടെ കടന്ന് പോകുന്ന മാളികയ്ക്കപ്പടി – കുഞ്ഞപ്പന്‍പാറ – കുരിശടി റോഡാണ് പ്രദേശവാസികള്‍ മണ്ണിട്ട് നിരപ്പാക്കി താല്‍കാലികമായി ഗതാഗത യോഗ്യമാക്കിയത്. കുഞ്ഞപ്പന്‍പാറയില്‍ നിന്ന് മാളികയ്ക്കല്‍പടിക്കുള്ള ഭാഗം ഏറെ നാളുകളായി തകര്‍ന്ന് കിടക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചായത്തിന്റെ അധീനതയിലുള്ള കുഞ്ഞപ്പന്‍പാറ – കുരിശടി റോഡിലെ ഉരുളന്‍ കല്ലുകള്‍ മറികടന്ന് അതിസാഹസികമായാണ് പ്രദേശവാസികള്‍ യാത്ര ചെയ്തിരുന്നത്. പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും പലയിടങ്ങളിലും നടക്കാന്‍ പോലും കഴിയുമായിരുന്നില്ല. വാഹനങ്ങള്‍ കൊണ്ടുപോകാനും കഴിഞ്ഞിരുന്നില്ല.

റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച പരാതി പ്രദേശവാസികള്‍ നിരന്തരം ഗ്രാമസഭയില്‍ അവതരിപ്പിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പിറക്കിയ ഉത്തരവ് പ്രകാരം മണ്‍ റോഡുകളുടെ നവീകരണത്തിന് മെയിന്റനന്‍സ് ഗ്രാന്റ് വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്ലാന്‍ ഫണ്ടായി ഒരു വാര്‍ഡില്‍ കിട്ടിയിരുന്നത് നാമമാത്ര തുകയുമായിരുന്നു. ഇതോടെ മിക്കപഞ്ചായത്തുകളിലേയും പുതിയ റോഡ് നിര്‍മാണം തടസപ്പെടുകയും ചെയ്തു. ഇതാണ് മാളികയ്ക്കപ്പടി – കുഞ്ഞപ്പന്‍പാറ – കുരിശടി റോഡ് നിര്‍മ്മിക്കാന്‍ കഴിയാത്തതിന് കാരണമെന്ന് പഞ്ചായത്തംഗം പറഞ്ഞു.

പ്രദേശവാസികള്‍ പഞ്ചായത്തിലും നവകേരള സദസിലും അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി കുറച്ചു ഭാഗം കോണ്‍ക്രീറ്റ് ചെയ്യുമെന്ന് കാണിച്ച് പരാതികാര്‍ക്ക് പഞ്ചായത്ത് കത്ത് നല്‍കി. എന്നാല്‍ റോഡ് കടന്ന് പോകുന്ന ഭാഗത്തെ കൈത്തോടിന് കുറുകെ കലുങ്കും റോഡിന്റ വശങ്ങളില്‍ സംരക്ഷണഭിത്തി കെട്ടുന്നതും സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചതുമില്ല. മാളികയ്ക്കപ്പടി മുതല്‍ കുരിശടിവരെയുള്ള റോഡിന്റ ദൂരം മൂന്ന് കിലോമീറ്ററില്‍ താഴെയാണ്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനവും വണ്ണപ്പുറം – തൊമ്മന്‍കുത്ത് റോഡിന് സമാന്തര പാതയായും ഇതുപയോഗിക്കാന്‍ കഴിയുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!