ChuttuvattomThodupuzha

പുതുവത്സരം : ലഹരികടത്തിനെതിരെ സ്ട്രൈക്കിംഗ് ഫോഴ്സ് രംഗത്ത്

തൊടുപുഴ: പുതുവത്സരത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ഡ്രൈവ് ആരംഭിച്ചു.റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശന പരിശോധനയാണ് നടന്നുവരുന്നത്. പ്രത്യേക പരിശോധനകള്‍ക്കായി സ്ട്രൈക്കിംഗ് ഫോഴ്സിന്റെ മൂന്നു യൂണിറ്റാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. പുതുവല്‍സര ആഘോഷത്തോടനുബന്ധിച്ച് ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന സ്ഥലങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും സംഘാടകര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും മറ്റിടങ്ങളിലും പോലീസ്, വനംവകുപ്പ് എന്നിവരുടെ സഹകരണത്തോടെ പരിശോധനകള്‍ തുടരുകയാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നു കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കള്‍ ഇവിടേക്ക് എത്തിക്കുന്നത് തടയാനുള്ള ശ്രമമാണ് നടത്തുന്നത്. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 3ന് ആരംഭിച്ച സ്പെഷല്‍ ഡ്രൈവ് ജനുവരി 3 വരെയാണ് നടത്തുന്നത്. തമിഴ്നാട് പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണവും തേടിയിട്ടുണ്ട്. തേനി, ഉദുമല്‍പ്പേട്ട, കമ്പം എന്നിവിടങ്ങളില്‍ നിന്നും ലഹരിവസ്തുക്കള്‍ എത്തിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് തീരുമാനം. സ്പെഷല്‍ ഡ്രൈവ് തുടങ്ങിയതിനു ശേഷം 51 അബ്കാരി കേസുകളും 68 എന്‍ഡിപിഎസ് കേസുകളും നിരോധിത പുകയില വില്‍പനയുമായി ബന്ധപ്പെട്ട് 343 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനധികൃതമായി കടത്തിക്കൊണ്ടുവന്ന 186 ലിറ്റര്‍മദ്യം, 22.8 ലിറ്റര്‍ ചാരായം, 9 കിലോ പുകയില ഉത്പന്നങ്ങള്‍, ഏഴുലിറ്റര്‍ ഹാഷിഷ് ഓയില്‍, 5.08 ഗ്രാം എംഡിഎംഎ, 1.45 കിലോ കഞ്ചാവ്, 965 ലിറ്റര്‍ വാഷ് എന്നിവയും പിടിച്ചെടുത്തു. ഇക്കാലയളവില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 705 പരിശോധനകളും പോലീസ്, വനംവകുപ്പ് എന്നിവയുടെ സഹകരണത്തോടെ 86 റെയ്ഡും നടത്തി. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും എക്സൈസ് വകുപ്പധികൃതര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!