KarimannurLocal Live

നെയ്യശേരി-തോക്കുമ്പന്‍സാഡ് റോഡ് ; കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തം

കരിമണ്ണൂര്‍ : നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി കരിമണ്ണൂര്‍ മുതല്‍ തൊമ്മന്‍കുത്തുവരെയുള്ള ഭാഗത്തെ കൈയേറ്റം പൂര്‍ണമായി ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.എട്ടുമീറ്റര്‍ വീതിയാണ് റോഡിനുള്ളത്. എന്നാല്‍ പലയിടത്തും കൈയേറ്റം മൂലം ആവശ്യത്തിന് വീതിയില്ലാത്ത സ്ഥിതിയാണ്. ഇത് സുഗമമായ ഗതാഗതത്തിനു ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തൊമ്മന്‍കുത്ത്, ആനയാടിക്കുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇതര സംസ്ഥാനങ്ങളില്‍നിന്നുപോലും സഞ്ചാരികള്‍ എത്തുന്നുണ്ട്. കരിമണ്ണൂര്‍ മുതല്‍ തോക്കുമ്പന്‍സാഡില്‍ വരെയുള്ള റോഡിന്റെ നവീകരണ ജോലികള്‍ ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും കൈയേറ്റം പൂര്‍ണമായി ഒഴിപ്പിച്ച് വീതികൂട്ടാന്‍ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. ഇത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

പലയിടത്തും റോഡ് കൈയേറി കെട്ടിടം വരെ നിര്‍മിച്ചിട്ടുണ്ട്. ഇതുവഴി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. കരിമണ്ണൂരില്‍ നിന്നും ആരംഭിച്ച് മുളപ്പുറം, തൊമ്മന്‍കുത്ത്, മുണ്ടന്‍മുടി, വണ്ണപ്പുറം, പട്ടയക്കുടി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന 30 കിലോമീറ്റര്‍ റോഡിന്റെ നവീകരണത്തിന് 130 കോടിയാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന അക്ഷയ കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മാണ ജോലി നടത്തിവരുന്നത്. അതേ സമയം മാസങ്ങള്‍ക്കു മുമ്പ് പൊളിച്ചിട്ട മുളപ്പുറം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് റോഡ് തുറന്നുനല്‍കാത്തതു പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഇതിനിടെ പാലം നിര്‍മാണത്തില്‍ ഏറെ അപാകതകളുള്ളതായും പ്രദേശവാസികള്‍ ആരോപിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിലെ നിലവിലുണ്ടായിരുന്ന ടാറിംഗ് ഇളക്കിമാറ്റിയിരുന്നു. മഴക്കാലം ആരംഭിച്ചതോടെ ഇവിടം ചെളിക്കുണ്ടായി മാറിയിരിക്കുകയാണ്. ഇരുചക്രവാഹനയാത്രക്കാരുള്‍പ്പെടെയുള്ളവര്‍ ഇതുമൂലം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. അപകടവും പതിവായിരിക്കുകയാണ്.

 

Related Articles

Back to top button
error: Content is protected !!