ChuttuvattomThodupuzha

എന്‍എച്ച്എം ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് രണ്ടു മാസം ; മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയില്ല

തൊടുപുഴ : ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന സംസ്ഥാനത്തെ 13000-ഓളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേതനം ലഭിച്ചിട്ട് രണ്ട് മാസം. കേന്ദ്ര സര്‍ക്കാരിന്റെ 60 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 40 ശതമാനം തുകയും ഉപയോഗിച്ചാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫിസിയോതെറാപ്പിസ്റ്റ്, ആശാ പ്രവര്‍ത്തകര്‍, ക്ലറിക്കല്‍ സ്റ്റാഫ് തുടങ്ങി എല്ലാ തസ്തികയിലും എന്‍എച്ച്എം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഒരേ വകുപ്പില്‍ തുല്യ ജോലി ചെയ്തുവരുന്ന മറ്റ് ജീവനക്കാരില്‍ നിന്ന് ശമ്പളത്തിലും ആനുകൂല്യങ്ങള്‍ക്കും ലീവിനു പോലും വിവേചനം നേരിടുന്നവരാണ് എന്‍എച്ച്എം ജീവനക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാന്‍ രണ്ട് ദിവസം വൈകിയപ്പോള്‍ ഇവര്‍ സമര രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് ശമ്പളം ലഭിച്ചു. എന്നാല്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവരുടെ ശമ്പളം എന്ന് നല്‍കുമെന്ന് മാത്രം തീരുമാനമായിട്ടില്ല.

അറുപത് ശതമാനം ഫണ്ട് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കൂടി നേതൃത്വത്തിലാണ് എന്‍എച്ച്എം പദ്ധതി നടക്കുന്നതെന്ന് പൊതുജനങ്ങളെ അറിയിക്കണമെന്നും കൂടാതെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പേര് ആയുഷ്മാന്‍ഭവ എന്നാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്രം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. ഇതാണ് സംസ്ഥാനത്തിന് കേന്ദ്ര വിഹിതം ലഭിക്കാത്തതിനു കാരണമെന്ന് പറയപ്പെടുന്നു. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ വേതനം നല്‍കിയിരുന്ന ആശാ പ്രവര്‍ത്തകരെ എന്‍എച്ച്എമ്മിന് കീഴിലാക്കിയതോടെ ഇവരുടെ വേതനവും പ്രതിസന്ധിയിലായി. കരാര്‍ ജീവനക്കാരായതിനാല്‍ എന്‍എച്ച്എം ജീവനക്കാര്‍ക്ക് മറ്റ് സര്‍ക്കാര്‍ ജീവനക്കാരെ പോലെ സമര രംഗത്തിറങ്ങാനും ബുദ്ധിമുട്ടുണ്ട്. ജോലിയില്‍ നിന്നും പിരിച്ചു വിട്ടാലോ എന്ന ഭയമാണ് ഇവരെ സമരങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം കുറ്റപ്പെടുത്താതെ ആരോഗ്യ മേഖലയില്‍ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന എന്‍എച്ച്എം ജീവനക്കാരുടെ ശമ്പളം കൃത്യമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇനിയും വൈകിയാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനം താറുമാറാകുമെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Back to top button
error: Content is protected !!