ChuttuvattomCrimeThodupuzha

ഒന്‍പത് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസ് : പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തം കഠിനതടവ്

തൊടുപുഴ : ഒമ്പത് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസില്‍ 31കാരനായ പിതാവിന് ജീവിതാവസാനം വരെ ട്രിപ്പിള്‍ ജീവപര്യന്തം കഠിനതടവും 5.7 ലക്ഷം രൂപ പിഴയും. കൂടാതെ പോക്സോ നിയമത്തിലെയും ഇന്ത്യന്‍ പീനല്‍ കോഡിലെയും വിവിധ വകുപ്പുകള്‍ പ്രകാരം 36 വര്‍ഷം കഠിനതടവും കോടതി വിധിച്ചു. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോര്‍ട്ട് പോക്സോ കോടതി ജഡ്ജി പി.എ. സിറാജുദ്ദീനാണ് ശിക്ഷ വിധിച്ചത്. പിഴ പ്രതി അടച്ചാല്‍ ഇത് കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവായിട്ടുണ്ട്. മൂന്നാറിലെ തോട്ടം മേഖലയില്‍ 2021- 22 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. പ്രതി തൊട്ടടുത്ത ലയത്തില്‍ താമസിച്ചു വരുകയായിരുന്നു. കുട്ടിയുടെ അമ്മ കുട്ടിയെയും പ്രതിയെയും ഉപേക്ഷിച്ച് ഇളയ കുട്ടിയുമായി നാടുവിട്ടിരുന്നു. ഇതോടെയാണ് സംരക്ഷണ ചുമതല മാതാപിതാക്കള്‍ ഏറ്റെടുത്തത്.

2021 മാര്‍ച്ച് ഒന്ന് മുതല്‍ 2022 ആഗസ്ത് 21 വരെയുള്ള കാലയളവില്‍ പലതവണ പിതാവായ പ്രതി കുട്ടിയെ ലയത്തിലേക്ക് വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയുടെ മാതാവിനോട് വിവരം പറഞ്ഞ കുട്ടിയുടെ കൈ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചു. കുട്ടി വിവരം പിന്നീട് സ്‌കൂളിലെ കൂട്ടുകാരിയോടും കൗണ്‍സിലിംഗിനെത്തുന്ന അധ്യാപികയോടും പറഞ്ഞു. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് സിഡബ്ല്യുസിയെ വിവരം അറിയിച്ചു. ഇത് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 22 സാക്ഷികളെ വിസ്തരിക്കുകയും 42 പ്രമാണങ്ങള്‍ തെളിവില്‍ ഹാജരാക്കുകയും ചെയ്തു. വിസ്താരവേളയില്‍ പ്രതിയുടെ മാതാവ് കൂറുമാറി. മറയൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയായിരുന്ന പി.ടി. ബിജോയ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയോട് വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്ന് കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കാനും ഉത്തരവായിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ട് സ്മിജു കെ. ദാസ് കോടതിയില്‍ ഹാജരായി.

 

Related Articles

Back to top button
error: Content is protected !!