ChuttuvattomThodupuzha

പെരുമറ്റം- ഇടപ്പള്ളി ബൈപാസ്; നഷ്ട പരിഹാരത്തിന് 12.19 കോടി രൂപയുടെ എസ്റ്റിമേറ്റ്

തൊടുപുഴ: പെരുമറ്റം – ഇടപ്പള്ളി – തോട്ടുങ്കര ബൈപാസിന് സ്ഥലം വിട്ട് നല്‍കുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് വേണ്ടി തയ്യാറാക്കിയ 12 കോടി 19 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിന് കൈമാറി. തൊടുപുഴ ലാന്‍ഡ് അക്യുസേഷന്‍ തഹസീല്‍ദാര്‍, കളക്ടര്‍ എന്നിവര്‍ അംഗീകരിച്ച എസ്റ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വഴി മന്ത്രിയുടെ ഓഫീസിന് കൈമാറിയത്. പെരുമറ്റം കനാലിന് സമീപത്തുള്ള പഴയ റോഡില്‍ നിന്ന് ആരംഭിച്ച് എഞ്ചിനീയറിംഗ് കോളേജിന്റെ പിന്നിലൂടെ പരപ്പാന്‍ തോടിന് കുറുകെ പ്രവേശിച്ച് തോട്ടുങ്കര പാലത്തിന് അപ്പുറത്ത് സമാപിക്കുന്ന രീതിയിലാണ് ബൈ പാസ് വിഭാവനം ചെയ്തത്.20 മീറ്റര്‍ വീതിയിലും 2.100 കി. മീ.നീളത്തിലുമുള്ള നാല് വരിപ്പാതയിലുള്ള ബൈപാസ് മുട്ടത്തിന്റെ വികസനത്തിന് കുതിപ്പ് ഉതകുന്ന പദ്ധതിയായിരുന്നു.

2013 ല്‍ സ്ഥലം അളന്ന് തിരിച്ച് സര്‍വ്വേ കല്ല് സ്ഥാപിച്ചെങ്കിലും പിന്നീട് മാറിമാറി ഭരണത്തില്‍ എത്തിയ സംസ്ഥാന സര്‍ക്കാരുകളുടെ താല്‍പര്യക്കുറവിനെ തുടര്‍ന്ന് പദ്ധതി പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയായിരുന്നു. സര്‍വ്വേ കല്ലുകള്‍ പല സ്ഥലങ്ങളിലും പിഴുത് മാറ്റിയതായും അടുത്ത നാളില്‍ കണ്ടെത്തിയിട്ടുണ്ട്. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍,നിലവിലുള്ള മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ പ്രദേശവാസികള്‍ നിരവധി പ്രാവശ്യം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമീപിച്ചിരുന്നു.മീനച്ചില്‍ കുടി വെള്ള പദ്ധതിയുടെ പൈപ്പ് മുട്ടം ടൗണില്‍ നിന്ന് ഒഴിവാക്കി നിര്‍ദ്ദിഷ്ട ബൈപാസ് വഴിയിലൂടെ കൊണ്ട് പോകണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങവേയാണ് മന്ത്രിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!