ChuttuvattomThodupuzha

വൈദ്യുതി പ്രതിസന്ധി ; സബ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍

തൊടുപുഴ : കെഎസ്ഇബി സെക്ഷന്‍ നമ്പര്‍ 2 ല്‍ അടിയന്തിരമായി സബ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്. തൊടുപുഴ മുനിസിപ്പാലിറ്റിയുടെ 35 വാര്‍ഡുകളില്‍ മുക്കാല്‍ ശതമാനവും സെക്ഷന്‍ 2 ന്റെ കീഴിലാണ്. കൂടാതെ കുമാരമംഗലം, ഇടവെട്ടി പഞ്ചായത്തുകളുടെ പകുതിയോളവും സെക്ഷന്‍ നമ്പര്‍ 2 ന്റെ കീഴിലാണ് വരുന്നത്. ആയിരക്കണക്കിന് ഗാര്‍ഹിക ഉപഭോക്താക്കള്‍ ആണ് സെക്ഷന്‍ നമ്പര്‍ 2ല്‍ മാത്രമുള്ളത്. കൂടാതെ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനികള്‍ വേറെയും. വേനല്‍ കടുത്തതോടെ അമിത വൈദ്യുതി ഉപയോഗം മൂലം പലയിടത്തും പകല്‍ നേരങ്ങളിലടക്കം വൈദ്യുതി മുടക്കം പതിവായിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ലോഡ് ഉയരുന്നത് മൂലവും വൈദ്യുതി മുടങ്ങുന്നുണ്ട്.

ചെറിയ കുട്ടികള്‍ ഉള്ള വീട്ടിലടക്കം വൈദ്യുതി മുടങ്ങുന്നത് രാത്രി കാലങ്ങളില്‍ കാര്യമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രദേശവാസികള്‍ രാത്രിയില്‍ കെഎസ്ഇബി ഓഫീസില്‍ പോയി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും പതിവായിരിക്കുകയാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് വൈദ്യുതി ബോര്‍ഡ് അടിയന്തിരമായി സബ് സ്റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നത്.  വേനല്‍ക്കാലം കഴിഞ്ഞ് മഴക്കാലം എത്തിയാലും സ്ഥിതി വ്യത്യസ്തമല്ല. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്ന സബ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധികൃതര്‍ക്ക് നിവേദനം നല്‍കി.

സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടികള്‍ ആരംഭിച്ചു എങ്കിലും പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. നഗരസഭയുടെ കീഴിലുള്ള വാര്‍ഡുകളിലും സമീപ പഞ്ചായത്തുകള്‍ക്കും ഉപകാരപ്രദമാകുന്ന സെക്ഷന്‍ 2 ല്‍ സബ് സ്റ്റേഷന്‍ എത്രയും വേഗം സ്ഥാപിക്കുവാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്നും നഗരസഭ അധ്യക്ഷന്‍ സനീഷ് ജോര്‍ജ് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!