ChuttuvattomThodupuzha

മഴക്കാല പൂര്‍വ ശുചീകരണം പാതിവഴിയില്‍ ; പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു

തൊടുപുഴ : കാലവര്‍ഷം പടിവാതില്‍ക്കല്‍ എത്തിയിട്ടും മഴക്കാല പൂര്‍വ ശുചീകരണം പാതിവഴിയില്‍.ഇതോടെ ഡെങ്കിപ്പനിയടക്കമുള്ള സാംക്രമിക രോഗങ്ങള്‍ പിടിമുറുക്കുന്നു. ജില്ലയില്‍ 52 പഞ്ചായത്തുകളും രണ്ടു നഗരസഭകളുമാണുള്ളത്. ഇതില്‍ ഭൂരിപക്ഷം പഞ്ചായത്തുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമായി മാറിയെന്നാണ് ആക്ഷേപം ഉയരുന്നത്. ഒരു പഞ്ചായത്തില്‍ ഏതാനും സ്ഥലത്ത് ശുചീകരണം നടത്തിയ ശേഷം പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട് തയാറാക്കുന്ന തട്ടിക്കൂട്ട് പരിപാടിയാണ് പലയിടത്തും അരങ്ങേറുന്നത്. മിക്ക പഞ്ചായത്തുകളിലെയും റോഡിന്റെ ഇരുവശങ്ങളും കാടുംപടലും കയറിയ നിലയിലാണ്. ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണിവിടം.
ഓടകള്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങളും പലയിടത്തും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതുമൂലം കാലവര്‍ഷം തുടങ്ങിയാല്‍ റോഡില്‍ വെള്ളക്കെട്ടിനു പുറമേ വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറാനുള്ള സാധ്യതയുമാണുള്ളത്. നഗരസഭ മേഖലകളിലെ സ്ഥിതിയും ഇതില്‍ നിന്നു വ്യത്യസ്തമല്ല.

പുഴയോര ശുചീകരണത്തിനും നടപടിയില്ല

മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ തോടുകള്‍, പുഴയോരങ്ങള്‍, എന്നിവിടങ്ങളിലെ ശുചീകരണവും എങ്ങുമെത്തിയിട്ടില്ല. മിക്ക പഞ്ചായത്തുകളിലും പുഴകളില്‍ മണലും മാലിന്യവും അടിഞ്ഞുകൂടി കിടക്കുകയാണ്. പല വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പൈപ്പുകള്‍ വഴി പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതു കണ്ടെത്തി നടപടിയെടുക്കാനും അധികൃതര്‍ തയാറാകുന്നില്ല. അറക്കുളം പഞ്ചായത്തിലെ വലിയാറില്‍ തീര്‍ത്ത വിയര്‍ക്കെട്ട് മണല്‍ നിറഞ്ഞ നിലയിലാണ്. ടണ്‍കണക്കിനു മണലാണ് ഇവിടെ വന്നടിഞ്ഞുകൂടിയിരിക്കുന്നത്. ഇതു ലേലം ചെയ്ത് നല്‍കാന്‍ നപടി സ്വീകരിച്ചിരുന്നെങ്കില്‍ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുമായിരുന്നു. ലോ റേഞ്ചിലെയും ഹൈറേഞ്ചിലെയും പഞ്ചായത്തുകളില്‍ മണല്‍വാരാന്‍ നടപടിയെടുത്തിരുന്നെങ്കില്‍ അതിലൂടെ കോടികള്‍ ലഭിക്കുമായിരുന്നു.

പകര്‍ച്ചവ്യാധി ഭീഷണി

മിക്ക പഞ്ചായത്തുകളിലെയും നഗരസഭാപ്രദേശത്തെയും ഓടയുടെ സ്ലാബുകള്‍ നീക്കി മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതുമൂലം കൊതുക് ഉള്‍പ്പെടെയുള്ളവ പെരുകാനുള്ള സാധ്യതയേറുകയാണ്. ഡെങ്കപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയവ ജില്ലയിലെ പല പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉറവിട മാലിന്യശുചീകരണത്തിനോ കൊതുകുകള്‍ പെരുകുന്ന വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനോ അധികൃതര്‍ കാര്യമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

പാതയോരങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും പലയിടത്തും നീക്കം ചെയ്യാന്‍ നടപടിയില്ലാത്ത സ്ഥിതിയാണുള്ളത്. ഇതുമൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്തവണ തോരാമഴ നേരത്തെ ആരംഭിച്ചതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയായിരുന്നു.

ഓരോ വര്‍ഷവും കൃത്യമായ പദ്ധതി തയാറാക്കുന്ന കാര്യത്തിലും അധികൃതര്‍ക്ക് വീഴ്ച സംഭവിക്കുന്നുണ്ട്. നഗരത്തില്‍ ഉള്‍പ്പെടെ മാലിന്യം അടിഞ്ഞുകൂടി നിറഞ്ഞുകിടക്കുന്ന ഓടകള്‍ വേനല്‍ക്കാലത്തു തന്നെ കോരി വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാത്തത് അധികൃതരുടെ അലംഭാവം മൂലമാണ്. മഴ ശക്തമാകുന്ന പ്രദേശങ്ങളിലെല്ലാം ഇതു വെള്ളക്കെട്ടിനും കാരണമാകുന്നുണ്ട്.

വലിച്ചെറിയല്‍ സംസ്‌കാരം മാറണം

കൈയില്‍ കിട്ടുന്നതെല്ലാം കാണുന്നിടത്ത് വലിച്ചെറിയുന്ന മലയാളിയുടെ സംസ്‌കാരത്തിന് മാറ്റം വന്നാലേ നാട് മാലിന്യമുക്തമാകൂ. വീട്ടിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ ആരും കാണാത്ത സ്ഥലങ്ങളില്‍ വലിച്ചെറിഞ്ഞിട്ട് പോകുന്ന രീതിയാണ് ഇന്നുള്ളത്. ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച സ്ഥലങ്ങളില്‍ പോലും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥിതിയാണുള്ളത്.

പഞ്ചായത്തുകള്‍ വിവിധ പ്രദേശങ്ങളില്‍നിന്നു ശേഖരിക്കുന്ന മാലിന്യങ്ങള്‍ റോഡരികിലും മറ്റും ശേഖരിച്ചുവച്ചശേഷം അവിടെ നിന്നും നീക്കം ചെയ്യുന്നത് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാണ്. ഇത്തരം സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ തെരുവ് നായ്ക്കള്‍ റോഡിലും മറ്റും വലിച്ചിടുന്നതും പതിവാണ്. തെരുവുനായ്ക്കള്‍ നാട്ടില്‍ പെരുകാനുള്ള ഒരു കാരണം നാട്ടിലെ മാലിന്യങ്ങളാണ്. ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങളിലെ റോഡുകള്‍, തോടുകള്‍, പുഴകള്‍ എന്നിവിടങ്ങളിലെല്ലാം വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം തള്ളുന്നത് പതിവാണ്.

ഇത്തരക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കിയാലെ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാനാകൂ. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ശുദ്ധജല തടാകമായ മലങ്കര ജലാശയം പോലും ഇന്ന് മാലിന്യമുക്തമല്ല. പ്ലാസ്റ്റിക്ക്, മദ്യക്കുപ്പികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയെല്ലാം ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ നിക്ഷേപിക്കുന്നതും പതിവാണ്.

 

Related Articles

Back to top button
error: Content is protected !!