ChuttuvattomThodupuzha

മഴക്കാല പൂര്‍വ മുന്നൊരുക്കം ; ദുരന്തനിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാകുന്നില്ല

തൊടുപുഴ : മഴക്കാല പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന ദുരന്തനിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പലതും നടപ്പാകുന്നില്ലെന്ന് പരാതി. കാലവര്‍ഷത്തിന് മുന്നോടിയായി റോഡിന്റെ വശങ്ങളിലും പുറമ്പോക്ക് ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും ജനങ്ങള്‍ക്ക് ഭീഷണിയായി അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും വെട്ടി മാറ്റണമെന്ന നിര്‍ദേശമാണ് പല ഭാഗത്തും നടപ്പാകാതെ പോകുന്നത്. ജില്ലയുടെ പല പ്രധാന പാതയോരങ്ങളോട് ചേര്‍ന്നും അപകടകരമായ രീതിയില്‍ മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

അപകടമുണ്ടാകണം ഇടപടെണമെങ്കില്‍

തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാത, അടിമാലി – കുമളി ദേശീയ പാത, കൊല്ലം – തേനി ദേശീയ പാത തുടങ്ങിയ പ്രധാന റോഡുകള്‍ക്കു പുറമെ മറ്റ് പാതകളിലും മരങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്. നേരത്തെ പൂപ്പാറ – കുമളി റൂട്ടില്‍ മരം കാറിനു മുകളില്‍ വീണ് തൊടുപുഴ സ്വദേശിനിയായ വീട്ടമ്മ മരിച്ച സംഭവമുണ്ടായിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നും അല്‍പ്പമെങ്കിലും ഇടപെടലുണ്ടാകുന്നത്. ഇതു കൂടാതെ മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുതി പോസ്റ്റും ലൈനും തകര്‍ന്നുണ്ടാകുന്ന നഷ്ടവും ഇതിനു പുറമെയാണ്.

നിര്‍ദേശങ്ങള്‍ പലതും പാലിക്കപ്പെടാറില്ല

മഴക്കാലം ശക്തമാകുന്നതിന് മുമ്പ് ജില്ലയിലെ പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, റവന്യു, വനം, വിദ്യാഭ്യാസം, ജലവിഭവം, വൈദ്യുതി എന്നിങ്ങനെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം എല്ലാ വര്‍ഷവും കളക്ടര്‍ വിളിച്ച് ചേര്‍ക്കാറുണ്ട്. ഇത്തരം യോഗങ്ങളിലാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ നിര്‍ദേശം നല്‍കുകയും ഉത്തരവുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്യുന്നത്. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങളില്‍ പിന്നീട് ഒരു നടപടിയും ഉണ്ടാകാറില്ലെന്നതാണ് വസ്തുത. അപകടകരമായ മരങ്ങള്‍ മുറിച്ചു നീക്കുന്ന കാര്യത്തില്‍ അധികൃതരും കാര്യമായ ശ്രദ്ധ ചെലുത്താറില്ല.

ട്രീ കമ്മിറ്റി യോഗം പ്രധാനം ; എന്നാല്‍ നടക്കാറില്ല

പാതയോരങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങളുടെ അപകടാവസ്ഥ അതാത് വകുപ്പുകളും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ സ്ഥല ഉടമയും പരിഹരിക്കണമെന്നാണ് വ്യവസ്ഥ. സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ മരത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ അതാത് തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ചുമതല. ഇതിന് ആവശ്യമായി വരുന്ന ചെലവ് സ്ഥലം ഉടമയില്‍ നിന്നും ഈടാക്കണം. സര്‍ക്കാര്‍ ഭൂമിയിലേയും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലും നില്‍ക്കുന്ന മരത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ട്രീ കമ്മിറ്റി യോഗം ചേര്‍ന്നാണ് വിലയിരുത്തേണ്ടത്. ഇത്തരത്തില്‍ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമിയിലെ മരത്തിന്റെ അപകടാവസ്ഥ അതാത് വകുപ്പ് അധികൃതരേയും സ്വകാര്യ ഭൂമിയിലേത് അതാത് സ്ഥലം ഉടമയെയും അറിയിച്ച് ഇതിന് പരിഹാരം കാണണമെന്ന് കളക്ടറുടെ ഉത്തരവില്‍ വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ നിര്‍ദേശങ്ങളും ഉത്തരവുകളും പാഴ് വാക്കായി മാറുന്ന അവസ്ഥയാണ് വര്‍ഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടു വരുന്നത്. മഴ ശക്തമാകുമ്പോള്‍ പോലും പല പഞ്ചായത്തുകളിലും ട്രീ കമ്മിറ്റി ചേരുന്നില്ലെന്നതാണ് വസ്തുത. പാതയോരങ്ങളിള്‍ മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞും ജില്ലയില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അധികൃതര്‍ നോക്കു കുത്തിയായി മാറുന്ന അവസ്ഥയാണ്.

 

 

 

Related Articles

Back to top button
error: Content is protected !!